റഷ്യന്‍ അധിനിവേശത്തിന് കീഴിലുള്ള കിഴക്കന്‍ ഉക്രൈനിലെ ഡൊനെറ്റ്സ്‌ക് (Donetsk), ലുഹാന്‍സ്‌ക് (Luhansk), സപോരിഷ്യ (Zaporizhzhia), കെര്‍സണ്‍ (Kherson) എന്നീ പ്രവിശ്യകള്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി റഷ്യയുമായി കൂട്ടിച്ചേര്‍ത്തതോടെയാണ് യു.എസ് ഉപരോധങ്ങള്‍ കടുപ്പിച്ചത്.
റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തെ പ്രതിരോധ വ്യവസായത്തിനുമെതിരായ ഉപരോധങ്ങളാണ് കടുപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച വൈറ്റ് ഹൗസിന്റെ പ്രഖ്യാപനം.
”കൂടുതല്‍ കടുപ്പിച്ച, കൂടുതല്‍ വേഗത്തിലുള്ള ഉപരോധങ്ങളും നടപടികളും അമേരിക്ക റഷ്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഉക്രൈനിയന്‍ പ്രവിശ്യകള്‍ സംയോജിപ്പിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ പിന്തുണക്കുന്ന ഏത് രാജ്യത്തിനെതിരെയും ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ ജി7 സഖ്യരാജ്യങ്ങളുടെ പിന്തുണയുണ്ട്,” വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം റഷ്യയുമായി ബന്ധപ്പെട്ട 1,000ലധികം ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ക്കും സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ കുടുംബത്തിനുമെതിരെയും യു.എസ് ഉപരോധം ഏര്‍പ്പെടുത്തി.
വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചു. മോസ്‌കോയില്‍ വലിയ ആഘോഷത്തോടെയായിരുന്നു ചടങ്ങ് നടന്നത്.
മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടെ പുടിന്‍ അമേരിക്കക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ പുടിന്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
ഈയാഴ്ച തന്നെ ഔദ്യോഗികമായ അനെക്സേഷന്‍ (annexation) നടപടി ഉണ്ടാകണമെന്ന് നാല് പ്രവിശ്യകളിലെയും റഷ്യ നിയമിച്ച നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
2014ല്‍ ക്രിമിയയെ (Crimea) റഷ്യയുമായി യോജിപ്പിച്ചതിന് സമാനമായിട്ടാണ് ഈ നാല് നഗരങ്ങളെയും കൂട്ടിച്ചേര്‍ത്തത്. ഹിത പരിശോധനയില്‍ വിജയം അവകാശപ്പെട്ട് റഷ്യന്‍ നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു കൂട്ടിച്ചേര്‍ക്കല്‍.
അഞ്ച് ദിവസം നീണ്ടുനിന്ന (സെപ്റ്റംബര്‍ 23- 27) ഹിതപരിശോധനയില്‍ ഏതാണ്ട് പൂര്‍ണമായും ജനപിന്തുണ ലഭിച്ചതായി റഷ്യന്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നു.
നേരത്തെ ഈ പ്രദേശങ്ങള്‍ റഷ്യയുമായി കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ച് പുടിന്‍ നടത്തിയ ഹിത പരിശോധനയെ ഉക്രൈനും പാശ്ചാത്യ രാജ്യങ്ങളും ശക്തമായി അപലപിച്ചിരുന്നു.
Content Highlight: America announce severe sanctions on Russia after annexation of four territories