ഹവാന: 50 വര്‍ഷത്തെ പകയും ഉപരോധവും മറന്ന് ലോക ശക്തിയായ അമേരിക്കയും കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയും നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നു. പതിനെട്ട് മാസം നീണ്ട രഹസ്യ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും കൈ കോര്‍ക്കാന്‍ തീരുമാനമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലുമായി തടവില്‍ കഴിയുന്നവരെ പരസ്പരം വിട്ടു നല്‍കാനും എംബസികള്‍ തുറക്കാനും ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി വര്‍ഷങ്ങളായി ജയിലുകളില്‍ കഴിയുന്ന അലന്‍ ഗ്രോസെന്ന അമേരിക്കന്‍ തടവുകാരനെയും മൂന്ന് ക്യൂബന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും പരസ്പരം കൈമാറിയിട്ടുണ്ട്.
രണ്ട് രാജ്യങ്ങളുടെയും അമേരിക്കന്‍ രാഷ്ട്രങ്ങളുടെയും ചരിത്രത്തില്‍ പുതിയ അധ്യായമാണ് ഇതെന്നാണ് ഒബാമ പുതിയ നീക്കത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിലൂടെ ഒബാമ ക്യൂബന്‍ ജനതയുടെ അംഗീകാരവും ബഹുമാനവും അര്‍ഹിക്കുന്നു എന്നാണ് റൗള്‍ കാസ്‌ട്രോ പ്രതികരിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ച കാനഡക്കും വത്തിക്കാനിലുള്ള പോപ്പിനും റൗള്‍ നന്ദി പറഞ്ഞു.
ശീതയുദ്ധ കാലഘട്ടത്തിലായിരുന്നു ക്യൂബ അമേരിക്ക ബന്ധം വഷളായിരുന്നത്. 1959ല്‍ ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ വിപ്ലവ ഭരണകൂടം അധികാരം ഏറ്റതിന് ശേഷം ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും അമേരിക്ക ക്യൂബയുമായി പുലര്‍ത്തിയിരുന്നില്ല. കടുത്ത രീതിയിലുള്ള ഉപരോധമായിരുന്നു അമേരിക്ക ക്യൂബക്ക് നേരെ ഏര്‍പ്പെടുത്തിയിരുന്നത്. ക്യൂബക്കെതിരായുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എന്‍ അടക്കമുള്ള സംഘടനകള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.