ആമസോണ്‍ ഞങ്ങളുടെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് ഞെരിക്കുകയാണ്; കറുത്ത വര്‍ഗക്കാരുടെ തൊഴിലാളി യൂണിയന്‍ തകര്‍ക്കാന്‍ പതിനെട്ടടവും പയറ്റി ആമസോണ്‍
World News
ആമസോണ്‍ ഞങ്ങളുടെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് ഞെരിക്കുകയാണ്; കറുത്ത വര്‍ഗക്കാരുടെ തൊഴിലാളി യൂണിയന്‍ തകര്‍ക്കാന്‍ പതിനെട്ടടവും പയറ്റി ആമസോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th February 2021, 1:08 pm

അലബാമ: ആമസോണിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ തൊഴിലാളികളെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി കമ്പനി.

പ്രധാനമായും കറുത്ത വര്‍ഗക്കാര്‍ ജോലി ചെയ്യുന്ന അലബാമ വെയര്‍ഹൗസില്‍ തൊഴിലാളി ചൂഷണം കടുത്തതോടെയാണ് യൂണിയന്‍ ആരംഭിക്കാന്‍ ഇവിടുത്ത വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പദ്ധതിയിട്ടത്.

എന്നാല്‍ തുടക്കം മുതല്‍ തന്നെ യൂണിയന്‍ ഉണ്ടാകുന്നത് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ടായിരുന്നു. ഇപ്പോള്‍ വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് തൊഴിലാളികളെ സ്വാധീനിച്ച് വോട്ടെടുപ്പ് അനുകൂലമായി മാറ്റിയെടുക്കാന്‍ കമ്പനി ശ്രമിക്കുന്നത്.

ഇതിനെതിരെ തുറന്ന വിമര്‍ശനവുമായി അലബാമ വെയര്‍ഹൗസിലെ തൊഴിലാളികള്‍ പരസ്യമായി മുന്നോട്ട് വന്നതിന് പിന്നാലെ ആമസോണ്‍ വീണ്ടും ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

ആറായിരത്തിലധികം തൊഴിലാളികളാണ് അലബാമ വെയര്‍ഹൗസില്‍ യൂണിയന്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.

2014 മുതല്‍ യൂണിയന്‍ ആരംഭിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് കേസ് നല്‍കി ആമസോണ്‍ വൈകിപ്പിക്കുകയായിരുന്നു. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് വോട്ടെടുപ്പിന് ആമസോണിന് സമ്മതിക്കേണ്ടി വന്നത്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കമ്പനിക്കുള്ളില്‍ തന്നെ യൂണിയനെതിരായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ആമസോണെന്ന് തൊഴിലാളികള്‍ പറയുന്നു.

റെസ്റ്റ് റൂമില്‍ പോകുന്നിടത്തും, ബാത്ത് റൂമില്‍ പോകുന്നിടത്തുമെല്ലാം ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ വെച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് യൂണിയന്‍ കമ്പനിക്കുള്ളില്‍ ഉണ്ടായിക്കുടാ എന്ന് പറയാന്‍ വലിയ രീതിയിലുള്ള ക്യാമ്പയിന്‍ നടത്തി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍ ശ്രമവും കമ്പനി നടത്തുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു.

കമ്പനിക്കുള്ളില്‍ തന്നെ യൂണിയന്‍ ആരംഭിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന നീക്കങ്ങളെ ഇല്ലാതാക്കാന്‍ പുതിയ ജീവനക്കാരെ ആമസോണ്‍ നിയോഗിച്ചുവെന്നും ഇവര്‍ തെറ്റിധാരണ പടര്‍ത്തുന്ന വിവരങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അലബാമയിലെ ആമസോണ്‍ വെയര്‍ഹൗസിലെ ഭൂരിഭാഗം ജീവനക്കാരും കറുത്ത വര്‍ഗക്കാരാണ്. തങ്ങള്‍ക്ക് നേരെ വലിയ വിവേചനങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കമ്പനിയിലെ ജീവനക്കാര്‍ക്ക് വേണ്ടി നിരന്തരം മീറ്റിംഗുകള്‍ നടത്തി യൂണിയന്‍ വന്നാല്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുമെന്ന് ആമസോണ്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതായും അവര്‍ പറയുന്നു. പലരും ഇതിനോടകം തന്നെ കമ്പനിയുടെ ഭീഷണിയില്‍ ഭയപ്പെട്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ തങ്ങളെ ഭരിക്കുകയാണ്. അവര്‍ ഞങ്ങളുടെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ഞെരിക്കുകയാണ്. അത് ഇനി അനുവദിക്കാന്‍ സാധിക്കില്ലെന്നും യൂണിയന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amazon trying to destroy Alabama union election