ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ എന്നാണ് ക്യാപ്റ്റന്റെ പാര്‍ട്ടിയുടെ പേര്. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് മുന്‍പ് അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതായി അറിയിച്ച് സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ പാര്‍ട്ടിയുടെ പിറവി.
ബി.ജെ.പി അമരീന്ദര്‍ സിംഗുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണ്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞ അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സെപ്തംബര്‍ 18ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളെ പാടേ അവഗണിക്കുന്ന രീതിയാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു.
സിദ്ദുവിനെ സ്ഥിരതയില്ലാത്തയാളാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് സിദ്ദു പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ അമരീന്ദര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരുന്നു.