ഇതുവരെയുള്ള പതിവ് തെറ്റിച്ച ഉഗാണ്ടന്‍ വസന്തം; അത്യപൂര്‍വ നേട്ടം സ്വന്തമാക്കി രംജാനി
Sports News
ഇതുവരെയുള്ള പതിവ് തെറ്റിച്ച ഉഗാണ്ടന്‍ വസന്തം; അത്യപൂര്‍വ നേട്ടം സ്വന്തമാക്കി രംജാനി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th January 2024, 6:37 pm

ഈ വര്‍ഷം അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട ചരിത്രം സൃഷ്ടിച്ചിരുന്നു. അഫ്രിക്കാസ് ക്വാളിഫയറില്‍ വിജയിച്ചാണ് ഉഗാണ്ട ലോകകപ്പിനെത്തുന്നത്. നമീബിയയാണ് ആഫ്രിക്കയില്‍ നിന്നും ലോകകപ്പ് കളിക്കാനെത്തുന്ന മറ്റൊരു ടീം.

ചരിത്രത്തിലാദ്യമായാണ് ഉഗാണ്ട ഐ.സി.സി ബിഗ് ഇവന്റിന് യോഗ്യത നേടുന്നത്. ലോകകപ്പ് കളിക്കുന്ന 20ാം ടീമായാണ് ഉഗാണ്ട അമേരിക്കയിലേക്ക് പറക്കുന്നത്.

ലോകകപ്പ് കളിക്കുന്ന അഞ്ചാമത് ആഫ്രിക്കന്‍ രാജ്യമായും ഇതോടെ ഉഗാണ്ട ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ, കെനിയ, നമീബിയ എന്നിവരാണ് മറ്റ് ടീമുകള്‍.

2023ല്‍ നടന്ന ലോകകപ്പ് ക്വാളിഫയറിലെ വിജയത്തെ പോലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി ഉഗാണ്ടയെ തേടിയെത്തിയിരിക്കുകയാണ്. ഐ.സി.സി ടി-20 പ്ലെയര്‍ ഓഫ് ദി ഇയര്‍ നോമിനേഷനില്‍ ഉഗാണ്ടന്‍ താരം അല്‍പേഷ് രംജാനി ഇടം നേടി എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ഉഗാണ്ടയുടെ എന്നല്ല, അസോസിയേറ്റ് രാജ്യങ്ങളുടെ തന്നെ ചരിത്രത്തില്‍ തന്നെ ഇത് സുവര്‍ണ ലിപികളില്‍ അടയാളപ്പെടുത്തേണ്ട നേട്ടമാണ്. ചരിത്രത്തിലാദ്യമായാണ് ഒരു അസോസിയേറ്റ് താരം ഏതൊരു ഫോര്‍മാറ്റിലെയും ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയറിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നത്.

സൂര്യകുമാര്‍ യാദവ് (ഇന്ത്യ), മാര്‍ക് ചാപ്മാന്‍ (ന്യൂസിലാന്‍ഡ്), സിക്കന്ദര്‍ റാസ (സിംബാബ്‌വേ) എന്നിവര്‍ക്കൊപ്പമാണ് രംജാനിയും അവസാന നാലില്‍ ഇടം നേടിയത്.

 

 

കഴിഞ്ഞ വര്‍ഷം 30 മത്സരം കളിച്ച രംജാനി 4.77 എന്ന മികച്ച എക്കോണമിയിലും 8.98 എന്ന തകര്‍പ്പന്‍ ആവറേജിലും 55 വിക്കറ്റാണ് സ്വന്തമാക്കിയത്. 9 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടി-20 ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം കലണ്ടര്‍ ഇയറില്‍ 50/ 50+ വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.

കരിയറില്‍ ഇതുവരെ 35 അന്താരാഷട്ര ടി-20യിലെ 34 ഇന്നിങ്‌സിലാണ് രംജാനി ഉഗാണ്ടക്കായി പന്തെറിഞ്ഞത്. 60 വിക്കറ്റുകളും താരം നേടി.

ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് രംജാനി കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷം കളിച്ച 30 മത്സരത്തിലെ 20 ഇന്നിങ്‌സില്‍ നിന്നും 449 റണ്‍സാണ് താരം നേടിയത്. 28.06 എന്ന ശരാശരിയിലും 132.44 എന്ന സ്‌ട്രൈക്ക് റേറ്റിലും റണ്ണടിച്ചുകൂട്ടിയ രംജാനിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 55 ആണ്.

ഈ പ്രകടനങ്ങള്‍ ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രംജാനി നേടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

പുരസ്‌കാരം നേടിയാലും ഇല്ലെങ്കിലും ഉഗാണ്ടയടക്കമുള്ള അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് രംജാനിയുടെ ഈ നേട്ടം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വിശാലമായ ക്രിക്കറ്റ് ഭൂപടത്തില്‍ തങ്ങളെ അടയാളപ്പെടുത്താനുള്ള ഓരോ ചെറിയ അവസരവും ഈ രാജ്യങ്ങളെ സംബന്ധിച്ച് ഏറെ വലുതുമാണ്.

 

Content highlight: Alpesh Ramjani nominated for ICC Player of the year award