മണിപ്പൂരിലെ ഭൂരിഭാഗം ഏറ്റുമുട്ടലുകളും വ്യാജം: മനുഷ്യാവകാശ കമ്മീഷന്‍
India
മണിപ്പൂരിലെ ഭൂരിഭാഗം ഏറ്റുമുട്ടലുകളും വ്യാജം: മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2013, 9:25 am

[]ന്യൂദല്‍ഹി: മണിപ്പൂരില്‍ അരങ്ങേറിയ ബഹുഭൂരിഭാഗം ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി). മണിപ്പൂരില്‍ നടന്ന 44 ഏറ്റുമുട്ടല്‍ കേസുകളില്‍ ഇരുപതെണ്ണവും വ്യാജമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

ബാക്കിയുള്ള 22 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതാദ്യമായാണ് കമ്മീഷന്‍ മണിപ്പൂരില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഏറ്റുമുട്ടലില്‍ ഇരകളായവരുടെ പരാതിപ്രകാരം 44 കേസുകള്‍ അന്വേഷിക്കുന്നതിനായി രണ്ടാഴ്ച്ച മുമ്പാണ് കമ്മീഷന്‍ സന്ദര്‍ശനത്തിനെത്തിയത്.

പരാതി പരിഗണിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇരകള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതായും കമ്മീഷന്‍ അംഗം സത്യബ്രത പാല്‍ വ്യക്തമാക്കി.

സമാന്തര സൈനിക വിഭാഗത്തിന്റേയും അഫ്‌സ്പയുടെയും കീഴിലാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്നത് എന്നതിനാല്‍ ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ തന്നെയും യാതൊരു ശിക്ഷാ നടപടികളും ഉണ്ടാകില്ലെന്ന ധൈര്യമാണ് പോലീസിനെ ഇത്തരം ക്രൂരതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു.