കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണു, ഒപ്പം സഖ്യവും; കോണ്‍ഗ്രസും ജെ.ഡി.എസും ഇനി ഒന്നിച്ചേക്കില്ല; ജെ.ഡി.എസ് പിളര്‍പ്പിന്റെ വക്കില്‍
national news
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണു, ഒപ്പം സഖ്യവും; കോണ്‍ഗ്രസും ജെ.ഡി.എസും ഇനി ഒന്നിച്ചേക്കില്ല; ജെ.ഡി.എസ് പിളര്‍പ്പിന്റെ വക്കില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2019, 8:12 pm

ബെംഗളൂരു: 14 മാസം മുന്‍പാണ് പൊതുശത്രുവായ ബി.ജെ.പിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാനായി കര്‍ണാടകത്തില്‍ ചിരവൈരികളായിരുന്ന കോണ്‍ഗ്രസും ജെ.ഡി.എസും കൈകോര്‍ക്കുന്നത്. പക്ഷേ 14 മാസങ്ങള്‍ക്കുശേഷം സഖ്യ സര്‍ക്കാര്‍ താഴെ വീഴുന്നതിനൊപ്പം പഴയ വൈരത്തിലേക്ക് ഇരുകൂട്ടരും മടങ്ങുകയാണ്.

ഭാവിയില്‍ ഉപതെരഞ്ഞെടുപ്പിലെ നിയമസഭാ തെരഞ്ഞെടുപ്പിലോ പോലും ഒന്നിക്കാനാവാത്ത വിധം പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരുപാര്‍ട്ടികളും ഇന്നു നില്‍ക്കുന്നത്. സര്‍ക്കാര്‍ താഴെ വീഴാന്‍ കാരണം കോണ്‍ഗ്രസ് എം.എല്‍.എമാരാണെന്ന് ജെ.ഡി.എസും എച്ച്.ഡി കുമാരസ്വാമിയാണു കാരണമെന്ന് കോണ്‍ഗ്രസും പഴിചാരുന്നു.

എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ സഖ്യം പിരിഞ്ഞതിന്റെ ആഘോഷവും നടക്കുന്നുണ്ടെന്നതാണു യാഥാര്‍ഥ്യം. കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതു തങ്ങളെ സ്വതന്ത്രരാക്കിയെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ‘ദ പ്രിന്റി’നോടു പ്രതികരിച്ചത്. ജെ.ഡി.എസുമായി സഖ്യത്തിലേര്‍പ്പെട്ടതില്‍ പാര്‍ട്ടി അണികളില്‍ വലിയ തോതില്‍ രോഷമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോഗ്യരാക്കിയ എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ജെ.ഡി.എസ് നേതാവ് തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതേകാര്യം മറുവശത്ത് കോണ്‍ഗ്രസും ചെയ്‌തേക്കും. മഹാലക്ഷ്മി പോലുള്ള ജെ.ഡി.എസ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്താനാണു സാധ്യത.

ഒരു ഭാവിസഖ്യത്തിനു വേണ്ടിയുള്ള വാതില്‍ അടഞ്ഞുകഴിഞ്ഞതായി മറ്റൊരു മുതിര്‍ന്ന ജെ.ഡി.എസ് നേതാവും പ്രതികരിച്ചു. ബി.ജെ.പിയെക്കാള്‍ സീറ്റ് ഏതെങ്കിലും പാര്‍ട്ടി നേടിയാല്‍ അന്ന് സഖ്യത്തെക്കുറിച്ച് ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനു വേണമെങ്കില്‍ തീരുമാനമെടുക്കാമെന്നും തന്‍വീര്‍ പറയുന്നുണ്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരെയാണു തങ്ങള്‍ ഒന്നിച്ചതെന്നും ഒരുഘട്ടത്തിലും അധികാരത്തിനു വേണ്ടി യാചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ജെ.ഡി.എസ് പിളര്‍പ്പിലേക്കു നീങ്ങുകയാണെന്നും അഭ്യൂഹമുണ്ട്. നേതാക്കളായ സാ ര മഹേഷ്, ജി.ടി ദേവഗൗഡ, സി.എസ് പുട്ടരാജു എന്നിവര്‍ അസംതൃപ്തരാണ്. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ മുതിര്‍ന്ന നേതാവായ പുട്ടരാജുവിനെ അപമാനിച്ചെന്ന വാര്‍ത്തയാണ് പാര്‍ട്ടിക്കുള്ളില്‍ ഏറെ അസ്വസ്ഥത സൃഷ്ടിക്കു്‌നനത്.

ഇരുപാര്‍ട്ടികളും ഒന്നിച്ചപ്പോഴുണ്ടായ ചില പ്രശ്‌നങ്ങളും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേവഗൗഡയുടെ സ്വാധീന മേഖലയായ ഹസ്സന്‍ മേഖലയില്‍ അദ്ദേഹം വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ വിസ്സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് മാണ്ഡ്യയില്‍ ബി.ജെ.പി പിന്തുണയോടെ ലോക്‌സഭയിലേക്കു മത്സരിച്ച സുമലതയ്ക്കു കാര്യങ്ങള്‍ എളുപ്പമായിരുന്നു.