national news
ശിവരാത്രി ദിനത്തില്‍ മാംസാഹാരം വിളമ്പിയെന്ന് ആരോപണം; സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ എ.ബി.വി.പി അക്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 11:31 am
Thursday, 27th February 2025, 5:01 pm

ന്യൂദല്‍ഹി: ശിവരാത്രി ദിനത്തില്‍ മാംസാഹാരം കഴിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍. ദല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയിലാണ് സംഭവം.

നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിച്ചെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി മെസ്സില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.

പിന്നാലെ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ എ.ബി.വി.പി പ്രവർത്തകൻ വിദ്യാർത്ഥിനിയെ മുടിയിൽ പിടിച്ചുവലിച്ചിഴക്കുന്നതായി കാണാം.


സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി മെസ്സില്‍ എല്ലാവർക്കും തുല്യമായ അവകാശമുണ്ടെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ ഭക്ഷണരീതി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും എസ്.എഫ്.ഐ പറഞ്ഞു.

എന്നാല്‍ നോമ്പ് നോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള മെസില്‍ എസ്.എഫ്.ഐ അംഗങ്ങള്‍ നിര്‍ബന്ധിച്ച് മാംസാഹാരം വിളമ്പാന്‍ ശ്രമിച്ചുവെന്നാണ് എ.ബി.വി.പിയുടെ വിശദീകരണം.


ഈ പ്രവൃത്തി മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്നും എ.ബി.വി.പി ആരോപിച്ചു.

അതേസമയം എ.ബി.വി.പി പ്രവര്‍ത്തകരുടെ പരാക്രമത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ക്യാമ്പസില്‍ നിലവില്‍ സമാധാനാന്തരീക്ഷമാണെന്നും സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് പ്രതികരിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.

Content Highlight: Allegation of serving meat on Shivarati day; ABVP violence in South Asian University