ജനങ്ങളുടെ ജീവന്റെ കാര്യമാണ്, കടുംപിടിത്തം പിടിക്കരുത്; യു.പിയിലെ ഒമ്പത് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമെന്ന് അലഹബാദ് ഹൈക്കോടതി
national news
ജനങ്ങളുടെ ജീവന്റെ കാര്യമാണ്, കടുംപിടിത്തം പിടിക്കരുത്; യു.പിയിലെ ഒമ്പത് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമെന്ന് അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 12:06 am

ലഖ്‌നൗ: കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് വന്‍പരാജയമാണെന്ന് വീണ്ടും പ്രഖ്യാപിച്ച് അലഹാബാദ് ഹൈക്കോടതി.

യു.പിയിലെ ഒമ്പത് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും പതിന്നാല് ദിവസത്തെ ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനങ്ങളുടെ ജീവന്റെ കാര്യമാണെന്നും അതില്‍ കടുംപിടുത്തം പിടിക്കരുതെന്നും കോടതി വ്യക്തമാക്കി.

‘മാരക വൈറസ് ബാധിച്ച് ജീവനുവേണ്ടി പിടയുന്ന ജനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ പോലും സര്‍ക്കാരിന് കഴിയാത്തത് അത്യധികം ലജ്ജാവഹമാണ്’, കോടതി പറഞ്ഞു.

കൊവിഡ് മഹാമാരി സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. രോഗവ്യാപനം തടയാന്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് കഴിയില്ലെങ്കില്‍ മറ്റ് സന്നദ്ധസംഘടനകളെയും സഹായത്തിനായി സമീപിക്കാമെന്നും കോടതി പറഞ്ഞു.

നേരത്തെ യു.പിയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് യു.പി സര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞത്.

യു.പിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്.
ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍, പ്രയാഗ്രാജ്, തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരെ യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി തങ്ങള്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Allahabad Highcourt Asks Yogi Aditya Nath On Oxygen Crisis