തബ്‌ലീഗില്‍ പങ്കെടുത്ത പതിനഞ്ചുകാരനെതിരെ വധശ്രമത്തിന് കേസെടുത്ത് യു.പി പൊലീസ്; നിയമത്തിന്റെ ദുരുപയോഗമെന്ന് അലഹബാദ് ഹൈക്കോടതി
national news
തബ്‌ലീഗില്‍ പങ്കെടുത്ത പതിനഞ്ചുകാരനെതിരെ വധശ്രമത്തിന് കേസെടുത്ത് യു.പി പൊലീസ്; നിയമത്തിന്റെ ദുരുപയോഗമെന്ന് അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 9:15 am

 

ന്യൂദല്‍ഹി: തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത യു.പി പൊലീസിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി.

പൊലീസ് നടപടി  അധികാര ദുര്‍വിനിയോഗമാണെന്ന് കോടതി പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത 15 വയസുകാരന്റെ പരാതിയിലാണ് കോടതിയുടെ പരാമര്‍ശം.

എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ വധശ്രമത്തിനുള്ള ഐ.പി.സി 307 വകുപ്പ് ചുമത്തിയതെന്നും കോടതി ചോദിച്ചു.

മാവു സര്‍ക്കിള്‍ ഓഫീസറോട് കേസന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ പതിനഞ്ചു വയസുകാരനായ പരാതിക്കാരന് നേരെ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐ.പി.സി 269, 270 വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

ആദ്യഘട്ടത്തില്‍ പകര്‍ച്ചവ്യാധി പടര്‍ത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത യു.പി പൊലീസ് പിന്നീട് കുറ്റപത്രത്തില്‍ വധശ്രമത്തിനുള്ള ഐ.പി.സി 307 കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് പരാക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഡിസംബര്‍ 2ന് പുറത്തിറക്കിയ ഉത്തരവില്‍ പരാതിക്കാരനെതിരെയുള്ള നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പരാതിക്കാരന്‍ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിന് പോയി തിരികെവന്നത് പ്രദേശിക ഭരണകൂടത്തെ അറിയിച്ചില്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന മറ്റൊരു പരാതി.

രാജ്യത്ത് കൊവിഡ് 19 ന്റെ ആദ്യഘട്ടത്തില്‍ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Allahabad HC: UP Police charge against Tablighi reflects abuse of power of law