തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന.
‘ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് സംഘടന മാര്‍ച്ച് നടത്തുന്നത്.
സിനിമാ-സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് ആയിരിക്കും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടന പറയുന്നത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും ഇതുവരെ മാര്‍ച്ച് ആരംഭിച്ചിട്ടില്ല. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞിരുന്നു.
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് കാരണം. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് ഇന്നത്തേക്കു പരിഗണിക്കാന്‍ മാറ്റിയിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെയും, സുഹൃത്ത് ശരത്തിന്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി റെയ്ഡ് നടത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കേസിലെ ആറാം പ്രതിയാണ് ശരത്.