ന്യൂനപക്ഷമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല; കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍: ഒവൈസി
national news
ന്യൂനപക്ഷമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല; കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍: ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2023, 1:44 pm

ജയ്പൂര്‍: വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദിന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിലെ മൂന്ന് കോണ്‍ഗ്രസ് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആദ്യമായണ് രാജസ്ഥാനില്‍ എ.ഐ.എം.ഐ.എം രാഷ്ട്രീയ പോരാട്ടത്തിലേക്ക് ഇറങ്ങുന്നത്.

ഒന്നിലധികം സംസ്ഥാനങ്ങളിലായി മാറി മാറി ഭരിക്കുന്ന അശോക് ഗെഹ്ലോട്ടിന് ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും സഹോദരങ്ങളാണെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് ഒവൈസി പറഞ്ഞു.

തങ്ങള്‍ ന്യൂനപക്ഷമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശക്തമായി മുന്നോട്ട് വരുമെന്നും ഒവൈസി വോട്ടര്‍മാരോട് പറഞ്ഞു. ജയ്പൂരിലെ ഹവാ മഹല്‍, സിക്കാറിലെ ഫത്തേപൂര്‍, ഭരത്പൂരിലെ കമാന്‍ എന്നീ മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിലേക്ക് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് ജമീല്‍ ഖാന്‍ ജയ്പൂരിലെ ഹവാ മഹല്‍ സീറ്റിലും ജാവേദ് അലി ഖാന്‍ സിക്കാറിലെ ഫത്തേപൂരിലും ഇമ്രാന്‍ നവാബ് ഭരത്പൂരിലെ കാമനിലുമാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ദാരിദ്ര്യം, മുതിര്‍ന്നവരിലെ നിരക്ഷരത, നസീര്‍-ജുനൈദ് കേസ്, വിദ്വേഷ കുറ്റകൃത്യങ്ങള്‍, ന്യൂന പക്ഷങ്ങളോടുള്ള അവഗണന എന്നിവയെല്ലാം നാടിന്റെ അന്തരീക്ഷത്തെ ഇരുട്ടിലാക്കുന്നുവെന്നും ഒവൈസി പറഞ്ഞു. സംസ്ഥാനത്ത് 60 ശതമാനം മുസ്ലിം കുട്ടികളില്‍ 37 ശതമാനം കുട്ടികളും നിരക്ഷരരാണെന്നും അതിന് ഉത്തരവാദി ആരാണെന്നുള്ള ചോദ്യവും ഒവൈസി ഉയര്‍ത്തി.

രാഷ്ട്രീയ നേതൃത്വത്തിലെത്താന്‍ മുസ്ലിം സമുദായം ഐക്യത്തോടെ നില്‍ക്കണമെന്നും ഒരു നേതാവിനെയെങ്കിലും നിയമസഭയിലേക്ക് അയക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

തെലങ്കാനയിലെ 2,200 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജസ്ഥാനില്‍ ന്യൂനപക്ഷ ബഡ്ജറ്റ് 250 കോടി മാത്രമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഘന്‍ഡീക്കയിലെ നസീര്‍ – ജുനൈദിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഗെഹ്ലോട്ടിന് എന്തുകൊണ്ടാണ് ഒരു മാസം വേണ്ടി വന്നതെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. രാജസ്ഥാനിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 39 ശതമാനം വോട്ടാണ് ലഭിച്ചതെന്നും അതില്‍ 11 ശതമാനം വോട്ടും ന്യൂനപക്ഷത്തിന്റെ ആണെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളും നിങ്ങളുടെ വോട്ടും എവിടേക്കും പോവില്ലെന്ന് അവര്‍ക്കറിയാം, പക്ഷെ ഇത് ആവര്‍ത്തിക്കുന്നത് ശരിയല്ല,’ ഒവൈസി വോട്ടര്‍മാരോട് പറഞ്ഞു.

Content Highlight: All India Majlis-E-Ittehadul Muslimeen is contesting Rajasthan elections for the first time.