കര്‍ഷകരുടെ ചോര പുരണ്ട കൈകളാണ് അയാളുടേത്; ശിവരാജ് സിങ് ചൗഹാനെ കേന്ദ്ര കൃഷിമന്ത്രിയാക്കിയതിനെതിരെ അഖിലേന്ത്യാ കിസാന്‍ സഭ
national news
കര്‍ഷകരുടെ ചോര പുരണ്ട കൈകളാണ് അയാളുടേത്; ശിവരാജ് സിങ് ചൗഹാനെ കേന്ദ്ര കൃഷിമന്ത്രിയാക്കിയതിനെതിരെ അഖിലേന്ത്യാ കിസാന്‍ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2024, 8:06 am

ന്യൂദല്‍ഹി: ശിവരാജ് സിങ് ചൗഹാനെ കേന്ദ്ര കൃഷിമന്ത്രിയാക്കിയതില്‍ പ്രതിഷേധം ശക്തം. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ മന്ദ് സോറില്‍ ആറ് കര്‍ഷകരെ പൊലീസ് വെടിവെച്ചു കൊന്നതിന് ഉത്തരവാദിയായ ചൗഹാനെ കൃഷിമന്ത്രിയാക്കിയതിനാണ് പ്രതിഷേധം രൂക്ഷമായത്.

2017ജൂണിലായിരുന്നു സംഭവം. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പോലീസ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടു. ഒരാള്‍ ലാത്തിച്ചാര്‍ജിനെ തുടര്‍ന്നും മരിച്ചു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കടങ്ങള്‍ എഴുതി തള്ളുക, മിനിമം താങ്ങു വില പ്രഖ്യാപിക്കുക, കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്.

കര്‍ഷകരോട് നീതികാണിക്കാത്ത, കര്‍ഷക രക്തം കയ്യില്‍ പുരണ്ട ഒരാളെ കൃഷിമന്ത്രിയാക്കുന്നത് ഒരിക്കലും സ്വീകാര്യമായ വിഷയമല്ലെന്നും, ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധവ്‌ളെയും ജനറല്‍ സെക്രട്ടറി വിജു കൃഷ്ണനും പറഞ്ഞു.

‘കര്‍ഷകരുടെ ചോര പുരണ്ട രാഷ്ട്രീയക്കാരന് കാര്‍ഷിക മന്ത്രിസ്ഥാനം നല്‍കിയത് ധാര്‍മികമായി അപലപനീയമാണ്. ഈ തീരുമാനം കര്‍ഷകരോടും കാര്‍ഷിക പ്രശ്‌നങ്ങളോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തെയാണ് കാണിക്കുന്നത്,’ അഖിലേന്ത്യാ കിസാന്‍ സഭ വ്യക്തമാക്കി.

പി.എം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് മാസം 2000 രൂപ നല്‍കുന്ന പരിപാടി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും അവര്‍ വ്യക്തമാക്കി. 2019ല്‍ ആരംഭിച്ച പദ്ധതി അന്ന് 14.5 കോടി കര്‍ഷകരെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അത് 9.3 കോടി കര്‍ഷകരായി കുറഞ്ഞുവെന്നും അഖിലേന്ത്യാ കിസാന്‍ സഭ ചൂണ്ടിക്കാട്ടി.

Content Highlight: All India Kisan Sabha condemns Shivraj’s appointment as agriculture minister, says he has farmers’ blood on hands