സ്വന്തം മണ്ഡലത്തില്‍ അല്‍ക്ക ലംബ പിന്നില്‍; ആംആദ്മിയുടെ പര്‍ലാദ് സിംഗിന് മുന്നേറ്റം; ബി.ജെ.പിയുടെ പേര് ഉയര്‍ന്നതേ ഇല്ല
Delhi election 2020
സ്വന്തം മണ്ഡലത്തില്‍ അല്‍ക്ക ലംബ പിന്നില്‍; ആംആദ്മിയുടെ പര്‍ലാദ് സിംഗിന് മുന്നേറ്റം; ബി.ജെ.പിയുടെ പേര് ഉയര്‍ന്നതേ ഇല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 9:25 am

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചാന്ദ്‌നി ചൗക്ക്. ആംആദ്മി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍ക്കലംബയും ആംആദ്മി പാര്‍ട്ടിയുടെ പര്‍ലാദ് സിംഗും, ബി.എസ്.പിയുടെ സുദേഷ്, ബി.ജെ.പിയുടെ സുമന്‍ കുമാര്‍ ഗുപ്ത, എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ പര്‍ലാദ് സിംഗ് മുന്നേറുന്ന സ്ഥിതി വിശേഷമാണ് മണ്ഡലത്തില്‍. അല്‍ക്ക ലംബ ചില സമയങ്ങളില്‍ മുന്നിലേക്ക് എത്തിയെങ്കിലും വീണ്ടും പിന്നിലേക്ക് പോയി.

2015 ലെ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയയാളാണ് അല്‍ക്ക ലംബ. ബി.ജെ.പി സ്ഥാനാര്‍ത്ഥി സുമന്‍ കുമാര്‍ ഗുപ്തയെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തിയത്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അല്‍ക്കലംബ പാര്‍ട്ടി വിടുന്നതും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതും.

പോളിംഗ് ബൂത്തിലേക്ക് പോവുന്നതിനിടെ തന്റെ മകനെകുറിച്ച് അസഭ്യം പറഞ്ഞ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെ അല്‍ക്ക ലംബ അടിക്കാന്‍ നോക്കിയത് വിവാദമായിരുന്നു.

എട്ട് മണിക്ക് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന ആകംക്ഷയിലാണ് വോട്ടര്‍മാരും രാഷ്ട്രീയ നിരീക്ഷകരും.

ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയെങ്കില്‍ ബി.ജെ.പി ഭരണ പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഭരണം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്‌സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വല്ിയ തിരിച്ചടിയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ