വാഷിംഗ്ടണ്‍: യു.എസ് ക്യാപിറ്റോള്‍ ആക്രമണത്തെ കുറിച്ച് സംസാരിക്കവേ താന്‍ മുന്‍പ് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചും അതുണ്ടാക്കിയ ട്രോമയെ കുറിച്ചും തുറന്നു പറഞ്ഞ് ഡെമോക്രാറ്റിക് നേതാവ് അലക്‌സാണ്‍ഡ്രിയ ഒകാഷ്യോ-കോര്‍ട്ടസ്. ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തിയപ്പോഴാണ് ക്യാപിറ്റോള്‍ ആക്രമണത്തിന്റെ ട്രോമയെ മറന്നു മുന്നോട്ടപോകല്‍ അത്ര എളുപ്പമല്ലെന്നും ലൈംഗികമായി ആക്രമിക്കപ്പെട്ട വ്യക്തിക്ക് എല്ലാം മറന്ന് മുന്നോട്ടുപോകല്‍ എളുപ്പമല്ലാത്ത് പോലെ തന്നെയാണ് അതെന്നും അലക്‌സാണ്‍ഡ്രിയ വ്യക്തമാക്കിയത്.
യു.എസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ച് കയറിയപ്പോള്‍ തനിക്ക് ബാത്ത്‌റൂമില്‍ ഒളിച്ചിരിക്കേണ്ടി വന്നുവെന്നും ‘അവളെവിടെ’ എന്ന് അക്രമികള്‍ ആക്രോശിച്ചപ്പോള്‍ താന്‍ മരിക്കാന്‍ പോകുകയാണെന്നാണ് കരുതിയതെന്നും അലക്‌സാണ്‍ഡ്രിയ പറഞ്ഞു.
‘എല്ലാവരും മൂവ് ഓണ്‍ ചെയ്യാന്‍ പറയുകയാണ്. നടന്നതൊന്നും അത്ര വലിയ കാര്യമല്ലെന്നും മറക്കാനും പറയുന്നു. ഞങ്ങള്‍ മാപ്പ് പറയണമെന്നുവരെ പറയുന്നവരുണ്ട്. ആക്രമിക്കുന്നവര്‍ സ്ഥിരം ഉപയോഗിക്കുന്ന തന്ത്രമാണത്. ഞാന്‍ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളാണ്. അധികമാരോടും ഞാന്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. പക്ഷെ മറ്റൊരു ട്രോമയിലൂടെ കടന്നുപോകുമ്പോള്‍ മുന്‍പ് നേരിട്ട എല്ലാ അതിക്രമങ്ങളും അതുണ്ടാക്കിയ ട്രോമയും ഒന്നിച്ചു വരും.’ അലക്‌സാണ്‍ഡ്രിയ പറഞ്ഞു.
ക്യാപിറ്റോള്‍ ആക്രമണം നടത്തിയവര്‍ വെള്ളക്കാരായ വംശീവാദികളും തീവ്രവാദികളുമായതുകൊണ്ടു തന്നെ ലാറ്റിനമേരിക്കന്‍ വംശജയായ താന്‍ ഏറെ ഭയപ്പെട്ടിരുന്നുവെന്ന് അലക്‌സാണ്‍ഡ്രിയ നേരത്തെ പറഞ്ഞിരുന്നു.
ആക്രമണത്തിന് പ്രേരിപ്പിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവും അലക്‌സാണ്‍ഡ്രിയ ഉന്നയിച്ചു. 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിന് പുറത്താക്കാന്‍ മുന്‍ സര്‍ക്കാരിലെ അംഗങ്ങള്‍ തയ്യാറവാത്തതിനെതിരെയും അലക്‌സാണ്‍ഡ്രിയ സംസാരിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ജനുവരി ആറിന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക