അവനെ തടയാന്‍ പോലും സാധിച്ചില്ല; ക്രിസ്റ്റ്യാനോ ഹാട്രിക്കടിച്ച മത്സരത്തില്‍ സഹതാരത്തെ പുകഴ്ത്തി എതിര്‍ ടീം കോച്ച്
Sports News
അവനെ തടയാന്‍ പോലും സാധിച്ചില്ല; ക്രിസ്റ്റ്യാനോ ഹാട്രിക്കടിച്ച മത്സരത്തില്‍ സഹതാരത്തെ പുകഴ്ത്തി എതിര്‍ ടീം കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th August 2023, 11:02 pm

ആദ്യ രണ്ട് മത്സരത്തിലും പരാജയം രുചിച്ചതിന് പിന്നാലെ സൗദി പ്രോ ലീഗിലെ മൂന്നാം മത്സരത്തില്‍ പടുകൂറ്റന്‍ വിജയം നേടി അല്‍ നസര്‍ തിരിച്ചുവന്നിരുന്നു. അല്‍ ഫത്തേക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു അല്‍ നസറിന്റെ വിജയം.

അല്‍ ഫത്തേയുടെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കും സാദിയോ മാനേയുടെ ഡബിളുമാണ് അല്‍ നസറിന് തുണയായത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരവും അല്‍ നസറിന്റെ മധ്യനിരയിലെ കരുത്തനുമായ മാഴ്‌സെലോ ബ്രോസോവിച്ചിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അല്‍ ഫത്തേ മാനേജര്‍ സ്ലേവന്‍ ബിലിച്ച്. വളരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തതും ക്രൊയേഷ്യന്‍ ഇന്റര്‍നാഷണലിനെ തടഞ്ഞുനിര്‍ത്താന്‍ പോലും സാധിച്ചില്ലെന്നും ബിലിച്ച് പറഞ്ഞു.

‘അല്‍ നസര്‍ ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച താരങ്ങളുള്ള മികച്ച ടീമാണ് അല്‍ നസര്‍. മത്സരത്തില്‍ ഞങ്ങള്‍ക്ക് പല അവസരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അത് മുതലാക്കാന്‍ ടീമിന് സാധിച്ചില്ല.

എന്നാല്‍, അല്‍ നസര്‍ അവര്‍ക്ക് ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കി. ഞങ്ങള്‍ മധ്യനിരയില്‍ അഞ്ച് താരങ്ങളെ വിന്യസിച്ചിരുന്നു, പക്ഷേ സാധാരണയായി ഇത്തരത്തിലുള്ള പ്രകടനമായിരുന്നില്ല ഉണ്ടാകാറുള്ളത്.

അല്‍ നസറിന് മധ്യനിരയില്‍ മാഴ്‌സെലോ ബ്രോസോവിച്ചിനെ താരങ്ങളുണ്ട്. അവനെ തടഞ്ഞു നിര്‍ത്താന്‍ പോലും ടീമിന് സാധിച്ചിരുന്നില്ല. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് വേണം അടുത്ത മത്സരത്തിനിറങ്ങാന്‍.

ടീമിലെ താരങ്ങളുടെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാത്തതുകൊണ്ടാണ് പരാജയപ്പെട്ടത്. പക്ഷേ ഞാന്‍ അവരോട് പരുഷമായി പെരുമാറില്ല,’ ബിലിച്ച് പറഞ്ഞു.

സീസണില്‍ ഫത്തേയുടെ ആദ്യ തോല്‍വിയാണിത്. മൂന്ന് മത്സരത്തിലും ഓരോ ജയവും സമനിലയും തോല്‍വിയുമായി നാല് പോയിന്റാണ് ഫത്തേക്കുള്ളത്. പോയിന്റ് പട്ടികയില്‍ നാലാമതാണ് അല്‍ ഫത്തേ.

ഓഗസ്റ്റ് 29നാണ് അല്‍ ഫത്തേയുടെ അടുത്ത് മത്സരം. ദമാക്കാണ് എതിരാളികള്‍.

അതേസമയം, സീസണിലെ ആദ്യ വിജയം നേടിയ അല്‍ നസര്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റാണ് അല്‍ അലാമിക്കുള്ളത്.

ഓഗസ്റ്റ് 29ന് തന്നെയാണ് അല്‍ നസര്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയിലെ 14ാം സ്ഥാനക്കാരായ അല്‍ ഷബാബാണ് എതിരാളികള്‍. ഷബാബിന്റെ ഹോം ഗ്രൗണ്ടായ കെ.എസ്.യു ഫുട്‌ബോള്‍ ഫീല്‍ഡാണ് വേദി.

 

 

Content highlight: Al Fateh coach about Marcelo Brozovic