ബംഗ്ലാദേശിനെതിരായ പ്ലേയിങ് ഇലവന്‍ പുറത്ത് വിട്ട് ആകാശ് ചോപ്ര; ഇഷ്ട ഇലവനില്‍ യുവ താരങ്ങളില്ല
Sports News
ബംഗ്ലാദേശിനെതിരായ പ്ലേയിങ് ഇലവന്‍ പുറത്ത് വിട്ട് ആകാശ് ചോപ്ര; ഇഷ്ട ഇലവനില്‍ യുവ താരങ്ങളില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th September 2024, 9:45 pm

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ഇപ്പോള്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്ററും നിരീക്ഷകനുമായ ആകാശ് ചോപ്ര ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ്. സ്‌ക്വാഡില്‍ ഇടം നേടിയ യുവതാരങ്ങളെ ഒഴിവാക്കിയാണ് ചോപ്ര തന്റെ ഇലവന്‍ തെരഞ്ഞെടുത്തത്.

മാത്രമല്ല ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്‍ ജോഡികളായ ആര്‍. അശ്വിനേയും രവീന്ദ്ര ജഡേജയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തി അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാണ് രണ്ട് പേസര്‍മാര്‍.

ആകാശ് ചോപ്രയുടെ പ്ലേയിങ് ഇലവന്‍

രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നേരത്തെ ഇന്ത്യന്‍ സ്‌ക്വാഡ്  പുറത്ത് വിട്ടിരുന്നു. 16 പേരടങ്ങുന്ന സ്‌ക്വാഡാണ് ബി.സി.സി.ഐ പുറത്ത് വിട്ടത്. കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് ടെസ്റ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്.

2022ല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് താരം അവസാനമായി കളിച്ചത്. മാത്രമല്ല സ്പിന്‍ തന്ത്രങ്ങള്‍ക്ക് ശക്തി പകരാന്‍ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ ജോഡിയും തിരിച്ചെത്തിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ബംഗളൂരുവിന്റെ സ്റ്റാര്‍ ബൗളര്‍ യാഷ് ദയാലിനെയും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ താരത്തിന് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റമത്സരം കളിക്കാനും സാധിക്കും.

 

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

 

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

 

Content Highlight: Akash Chopra Selected His Indian Playing Eleven Against Bangladesh