IPL
ഹര്‍ദിക് മുംബൈയിലേക്ക് പോയാല്‍ ക്യാപ്റ്റനാകുമോ? രോഹിത് ഗുജറാത്തിലേക്ക് പോകുമോ? മുന്‍ സൂപ്പര്‍ താരം പറയുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 25, 06:49 am
Saturday, 25th November 2023, 12:19 pm

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഐ.പി.എല്ലിലെ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

ഹര്‍ദിക്കിനെ ഹര്‍ദിക്കാക്കിയ മുംബൈ ഇന്ത്യന്‍സിലേക്ക് താരമെത്തുന്നതില്‍ ആരാധകരും ഏറെ ആവേശത്തിലാണ്. എന്നാല്‍ മുംബൈ അതിന് നല്‍കേണ്ട വില എന്തായിരിക്കുമെന്നാണ് ആരാധകരുടെ ആശങ്ക.

15 കോടി രൂപയാണ് ഹര്‍ദിക്കിന്റെ വില. ഓക്ഷന്‍ പേഴ്‌സില്‍ ഇപ്പോള്‍ 0.5 കോടി രൂപ മാത്രമാണ് മുംബൈയുടെ പക്കലുള്ളത്. ഹര്‍ദിക്കിനെ ടീമിലെത്തിക്കാന്‍ ഏതൊക്കെ താരങ്ങളെ ഒഴിവാക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ വിഷയത്തെ കുറിച്ച് തനിക്ക് പൂര്‍ണമായ അറിവില്ലെന്നും ഗുജറാത്ത് ടൈറ്റന്‍സ് വിടാന്‍ ഹര്‍ദിക് ഒരുങ്ങുകയാണെങ്കില്‍ ടീം അവനെ റിലീസ് ചെയ്യുമെന്നും ചോപ്ര പറഞ്ഞു.

‘ഹര്‍ദിക് മുംബൈയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം കേട്ടു എന്നല്ലാതെ ഒരു ഉറപ്പും ഇക്കാര്യത്തില്‍ വന്നിട്ടില്ല. ഹര്‍ദിക്കിന് ടീം വിടണമെന്നാണെങ്കില്‍ തങ്ങളുടെ ആദ്യ സീസണില്‍ കപ്പടിക്കുകയും രണ്ടാം സീസണില്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്ത ടൈറ്റന്‍സ് അവനെ റിലീസ് ചെയ്യും.

മുംബൈ ഇന്ത്യന്‍സിലെത്തിയാല്‍ അവന്‍ ടീമിന്റെ ക്യാപ്റ്റനാകുമോ? അഥവാ ക്യാപ്റ്റനാകില്ല എന്നാണെങ്കില്‍ പിന്നെന്തിന് അവിടേക്ക് പോകണം?,’ ചോപ്ര ചോദിക്കുന്നു.

രോഹിത് ശര്‍മ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാകുമോ എന്ന അഭ്യൂഹത്തിലും ചോപ്ര പ്രതികരിച്ചു.

‘ഇതിനെ കുറിച്ചുള്ള മുഴുവന്‍ കഥയും ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്ത് സംഭവിക്കും എന്നറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്. എന്തെങ്കിലും സംഭവിക്കും എന്ന കാര്യം എനിക്കുറപ്പാണ്.

 

ഹര്‍ദിക് പോകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. പക്ഷേ രോഹിത് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോകുമോ? അതിന് എന്തെങ്കിലും സാധ്യതകളുണ്ടോ? അക്കാര്യത്തില്‍ എനിക്കുറപ്പില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Akash Chopra about Hardik Pandya’s move to Mumbai Indians