വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.
ജാഫര്‍ ഇടുക്കിയുമായുള്ള സംഭാഷണത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അജു വര്‍ഗീസ്. തങ്ങള്‍ രണ്ടും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ ജാഫര്‍ ഇടുക്കിയുമായി കുറച്ചുനേരം സംസാരിച്ചെന്നും അത് മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. കുറച്ചുകാലം മുമ്പ് വരെ തന്നെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നെന്നാണ് ജാഫര്‍ ഇടുക്കി പറഞ്ഞതെന്ന് അജു കൂട്ടിച്ചേര്‍ത്തു.
തന്റെ മുഖം സക്രീനില്‍ കാണുമ്പോള്‍ തന്നെ ദേഷ്യം വരുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞെന്നും അജു വര്‍ഗീസ് പറഞ്ഞു. എന്നാല്‍ വെള്ളിമൂങ്ങ എന്ന സിനിമ കണ്ടതിന് ശേഷം ആ അഭിപ്രായം മാറിയെന്ന് അദ്ദേഹം പറഞ്ഞെന്നും തനിക്കതില്‍ യാതൊരു പരിഭവവും തോന്നിയില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു. തനിക്ക് അത് വലിയൊരു കോംപ്ലിമെന്റായാണ് അനുഭവപ്പെട്ടതെന്ന് അജു വര്‍ഗീസ് പറഞ്ഞു.
ഒരു വ്യക്തിയുടെ പെരുമാറ്റമോ മാനറിസമോ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടായിരിക്കാമെന്നും തനിക്കും അതുപോലെ ഇഷ്ടമല്ലാത്ത പലരും ഇപ്പോഴും ഉണ്ടെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതൊന്നും മനസില്‍ കൊണ്ടു നടക്കുന്നവരല്ല താനും ജാഫര്‍ ഇടുക്കിയെന്നും വെള്ളിമൂങ്ങ കണ്ടില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സാജന്‍ ബേക്കറി എന്ന സിനിമയിലേക്ക് അദ്ദേഹം വരില്ലായിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. വണ്‍ ടു ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘ജാഫര്‍ ഇടുക്കിയുമായി ഞാന്‍ ആദ്യകാലത്തൊന്നും സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഒരു സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പുള്ളി എന്റെയടുത്ത് വന്നിട്ട് ‘മോനേ, എനിക്ക് നിന്നെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു’ എന്ന് മുഖത്തുനോക്കി പറഞ്ഞു. എന്റെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ദേഷ്യമായിരുന്നെന്നും പുള്ളി പറഞ്ഞു. പക്ഷേ വെള്ളിമൂങ്ങ കണ്ടതിന് ശേഷം ആ അഭിപ്രായം മാറിയെന്നും പുള്ളി പറഞ്ഞു.
ഞാന്‍ അത് ഒരു കോംപ്ലിമെന്റായിട്ടാണ് എടുത്തത്. ഒരു വ്യക്തിയുടെ പെരുമാറ്റമോ മാനറിസമോ ഇഷ്ടമല്ലാത്തവര്‍ ഉണ്ടായിരിക്കാം. അത് ചിലപ്പോള്‍ അവര്‍ക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കുന്നത് കൊണ്ടാകാം. എനിക്കും ഇഷ്ടമല്ലാത്ത ഒരുപാട് ആളുകള്‍ ഇപ്പോഴുമുണ്ട്. എന്നുവെച്ച് അത് ഞാനോ ജാഫറിക്കയോ മനസില്‍ കൊണ്ടുനടക്കാറില്ല. വെള്ളിമൂങ്ങ കണ്ടില്ലായിരുന്നെങ്കില്‍ സാജന്‍ ബേക്കറിയിലേക്ക് ഞാന്‍ വിളിച്ചാല്‍ പുള്ളി വരില്ലായിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese about the comment of Jaffar Idukki on him