00:00 | 00:00
ഉപജീവനമാര്‍ഗം വിടാതെ തൃശൂര്‍മേയര്‍ അജിത വിജയന്‍
അനുശ്രീ
2019 Jan 22, 06:37 am
2019 Jan 22, 06:37 am

തൃശൂര്‍: തൃശൂരിലെ കണിമംഗലത്തുകാര്‍ക്ക് വീടുകളില്‍ പാല്‍ എത്തിക്കുന്നത് അവരുടെ മേയറാണ്. മേയര്‍ അജിത വിജയന്‍. അജിത തൃശൂര്‍ മേയറായിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഉപജീവനമാര്‍ഗമായ പാല്‍ കച്ചവടം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും തൊഴില്‍ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്ന വനിത.

അജിത എന്നും രാവിലെ അഞ്ച് മണിക്ക് പാല്‍ വിതരണത്തിനിറങ്ങും. അജിതയും ഭര്‍ത്താവും പാല്‍ കച്ചവടം തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷത്തോളമായ്. 2002 മുതല്‍ അങ്കണവാടി ടീച്ചറായിരുന്ന അജിത 2005 ല്‍ കൗണ്‍സിലറായി. തുടര്‍ച്ചയായി രണ്ടു വര്‍ഷം കൗണ്‍സിലറും പിന്നീട് എല്‍.ഡി.എഫിലെ ധാരണ പ്രകാരം സി.പി.ഐ.എം ലെ അജിത ജയരാജന്‍ രാജി വച്ച ഒഴിവില്‍ സി.പി.ഐ യിലെ അജിത വിജയന്‍ മേയറായി ചുമതലയേറ്റു.

പാല്‍വിതരണം ഉപജിവനമാര്‍ഗം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ തന്റെ വാര്‍ഡിലെ പ്രശ്നങ്ങള്‍ നേരിട്ടറിയാനുള്ള സമയം കൂടിയാണെന്ന് അജിത പറയുന്നു.ഒരു മേയര്‍ എന്ന നിലയില്‍ തന്നെ വന്നു കാണേണ്ട സാഹചര്യം അവരുടെ മുന്നിലേക്ക് എത്തുകയാണെന്നും മേയര്‍ പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും പാല്‍ വിതരണവും ഒരുമിച്ച് കൊണ്ടുപോകുന്ന അജിത നല്ലൊരു തിരുവാതിരകളിക്കാരി കൂടിയാണ്. പദവി ജീവിതത്തിലേക്ക് വന്നു ചേരുന്നതാണ് അത് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞുപോകും .അതുകൊണ്ട് ഉപജിവനമാര്‍ഗം ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മേയര്‍ അജിത വിജയന്‍ പറയുന്നു.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ