ഇംഗ്ലണ്ടില്‍ ഇടിമിന്നലായി അജിന്‍ക്യ രഹാനെ; പുതിയ ടീമിനൊപ്പം അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി
Sports News
ഇംഗ്ലണ്ടില്‍ ഇടിമിന്നലായി അജിന്‍ക്യ രഹാനെ; പുതിയ ടീമിനൊപ്പം അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 3:35 pm

കൗണ്ടിയില്‍ ലെസ്റ്റര്‍ഷെയറിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ സൂപ്പര്‍ താരം അജിന്‍ക്യ രഹാനെ. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ നോട്ടിങ്ഹാംഷെയറിനെതിരെയാണ് രഹാനെ റണ്ണടിച്ചുകൂട്ടിയത്.

ലെസ്റ്റര്‍ഷെയറിനായി നാലാം നമ്പറില്‍ ഇറങ്ങിയ രഹാനെ 60 പന്തില്‍ 71 റണ്‍സ് നേടിയാണ് മടങ്ങിയത്. ഒമ്പത് ഫോറുകളായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

118.33 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യവെ ലിന്‍ഡന്‍ ജെയിംസിന്റെ പന്തില്‍ ഫ്രെഡി മക്കാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

നേരത്തെ ഹാംഷെയറിന് വേണ്ടി കൗണ്ടിയില്‍ കളത്തിലിറങ്ങിയ രഹാനെ ലെസ്റ്ററിനൊപ്പവും തന്റെ മികവ് തുടരാന്‍ തന്നെയാണ് ഒരുങ്ങുന്നത്.

അതേസമയം, മത്സരത്തില്‍ ലെസ്റ്റര്‍ഷെയര്‍ 15 റണ്‍സിന് നോട്ട്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ഡക്ക്‌വര്‍ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമപ്രകാരമായിരുന്നു നോട്ടിങ്ഹാമിന്റെ പരാജയം.

മത്സരത്തില്‍ ടോസ് നേടിയ നോട്ടിങ്ഹാംഷെയര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. രഹാനെക്ക് പുറമെ ക്യാപ്റ്റന്‍ ലൂയീസ് ഹില്ലും സോള്‍ ബഡിങ്ങറും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ഹില്‍ 68 പന്തില്‍ 81 റണ്‍സ് നേടിയപ്പോള്‍ ബഡിങ്ങര്‍ 74 പന്തില്‍ 75 റണ്‍സും നേടി. ഹാരി സ്വിന്‍ഡെല്‍സ് (51 പന്തില്‍ 35), വിക്കറ്റ് കീപ്പര്‍ ബെന്‍ കോക്‌സ് (20 പന്തില്‍ 29), പീറ്റര്‍ ഹാന്‍ഡ്‌കോംബ് (21 പന്തില്‍ 29) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍. എക്‌സ്ട്രാസ് ഇനത്തില്‍ 33 റണ്‍സും ലെസ്റ്ററിന്റെ അക്കൗണ്ടിലെത്തി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലെസ്റ്റര്‍ 369 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി.

നോട്ടിങ്ഹാംഷെയറിനായി ലിന്‍ഡന്‍ ജെയിംസ് മൂന്ന് വിക്കറ്റ് നേടി. ലിയാം പാറ്റേഴ്‌സണ്‍-വൈറ്റ്, ഫര്‍ഹാന്‍ അഹമ്മദ്, റോബെര്‍ട്ട് ലോര്‍ഡ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോട്ട്‌സിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 11ാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 50ല്‍ നില്‍ക്കവെ ഓപ്പണര്‍മാര്‍ ഇരുവരും റിട്ടയര്‍ഡ് ഔട്ടായി. പിന്നാലെയെത്തിവരെ ഒന്നൊന്നായി വീഴ്ത്തി ലെസ്റ്ററും തിരിച്ചടിച്ചു.

50/0 എന്ന നിലയില്‍ നിന്നും 89/ 6 എന്ന നിലയിലേക്ക് വെറും നാല് ഓവറില്‍ നോട്ട്‌സ് വീണു. 14ാം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ മോശം കാലാവസ്ഥ മൂലം മത്സരം നിര്‍ത്തിവെക്കുകയായിരുന്നു.

ഡി.എല്‍.എസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ നോട്ടിങ്ഹാംഷെയര്‍ 15 റണ്‍സിന് പിറകിലായിരുന്നു. ഒരുപക്ഷേ വിക്കറ്റുകള്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരത്തില്‍ നോട്ടിങ്ഹാമിന് വിജയിക്കാനും സാധിക്കുമായിരുന്നു.

ആദ്യ മത്സരത്തില്‍ വിജയിച്ച ലെസ്റ്റര്‍ ബി ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. വെള്ളിയാഴ്ചയാണ് ലെസ്റ്റര്‍ഷെയറിന്റെ അടുത്ത മത്സരം. ഗ്രേസ് റോഡില്‍ നടക്കുന്ന മത്സരത്തില്‍ വാര്‍വിക്‌ഷെയറാണ് എതിരാളികള്‍.

 

Content highlight: Ajinkya Rahane scored half century in Royal London One Day Cup against Nottinghamshire