'ആ വിഷയത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല, അഭിപ്രായം പറയാനും കഴിയില്ല'; വസീം ജാഫറിനെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളില്‍ രഹാനെ
national news
'ആ വിഷയത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല, അഭിപ്രായം പറയാനും കഴിയില്ല'; വസീം ജാഫറിനെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളില്‍ രഹാനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 5:10 pm

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് കോച്ച് സ്ഥാനത്ത് നിന്ന് രാജിവെച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫറിന് നേരെയുണ്ടായ വര്‍ഗ്ഗീയ പ്രചരണങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ. മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു രഹാനെയുടെ പ്രതികരണം.

‘ഈ പ്രശ്നത്തെക്കുറിച്ച് എനിക്ക് പൂര്‍ണ്ണമായ ധാരണയില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും അറിയില്ല, അതിനാല്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറാല്ല’, രഹാനെ പറഞ്ഞു.

ടീമില്‍ കൂടുതല്‍ മുസ്‌ലിം കളിക്കാരെ ഉള്‍പ്പെടുത്തുകയും മതപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തു എന്നതാണ് ജാഫറിനെതിരെ ഉയര്‍ന്നുവന്ന ആരോപണം.

തനിക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി വസിം ജാഫര്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയമായ ദിശയിലേക്ക് കാര്യങ്ങള്‍ വളര്‍ത്തിയത് സങ്കടകരമായ കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

‘രംഭക്ത് ഹനുമാന്‍ കി ജയ്’ എന്ന ഹിന്ദു മന്ത്രം ഉപയോഗിക്കാനുള്ള കളിക്കാരുടെ അഭ്യര്‍ത്ഥന കോച്ച് നിരസിച്ചെന്ന ആരോപണം ജാഫറിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇതിനുള്ള മറുപടിയും വസീം ജാഫര്‍ നല്‍കി.

‘ജയ് ഹനുമാന്‍ ജയ്’ എന്ന് ചൊല്ലാന്‍ കളിക്കാരെ അനുവദിക്കുന്നില്ലെന്ന ആരോപണമുണ്ട്. ഒന്നാമതായി, ഒരു കളിക്കാരനും ഒരു മുദ്രാവാക്യവും ചൊല്ലുന്നില്ല. ഞങ്ങള്‍ക്ക് സിഖ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള കുറച്ച് കളിക്കാര്‍ ഉണ്ട്, അവര്‍ ‘റാണി മാതാ സാച്ചെ ദര്‍ബാര്‍ കി ജയ്’ എന്ന് പറയുമായിരുന്നു.

അതിനാല്‍, പകരം ”ഗോ ഉത്തരാഖണ്ഡ്, പോകുക” അല്ലെങ്കില്‍ ”കം ഓണ്‍ , ഉത്തരാഖണ്ഡ്” പോലുള്ള എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ഒരിക്കല്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ വിദര്‍ഭയ്ക്കൊപ്പമുണ്ടായിരുന്നപ്പോള്‍ ടീമിന് ”കം ഓണ്‍, വിദര്‍ഭ” എന്ന മുദ്രാവാക്യമുണ്ടായിരുന്നു. മുദ്രാവാക്യം തെരഞ്ഞെടുത്തത് ഞാനല്ല, അത് കളിക്കാര്‍ക്കാണ് വിട്ടുകൊടുത്തത് ”അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. താനൊരു വര്‍ഗീയവാദി ആയിരുന്നെങ്കില്‍ ‘ അല്ലാഹു അക്ബര്‍ എന്ന് ‘വിളിക്കണമെന്നായിരുന്നു പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് വസീമിന് പിന്തുണയുമായി അനില്‍ കുംബ്ലെ അടക്കമുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. വസീം മുമ്പ് പരിശീലകനായിരുന്ന വിദര്‍ഭ ടീമിലെ കളിക്കാരും അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Ajinkya Rahane Refuses To Speak About Wasim Jaffer Issue