Cricket
സല്യൂട്ട് ക്യാപ്റ്റന്‍; ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അഫ്ഗാന്‍ താരങ്ങളെ ക്ഷണിച്ച് രഹാനെ, കൈയടിച്ച് ഇന്ത്യന്‍ ടീം, (വീഡിയോ)
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jun 15, 03:47 pm
Friday, 15th June 2018, 9:17 pm

ബംഗലൂരു: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് വിജയത്തിനു പിന്നാലെ ക്രിക്കറ്റ് ആരാധകരുടെ മനസ്സും വിജയിച്ച് അജിങ്ക്യാ രഹാനെയും സംഘവും. വിജയികളുടെ ട്രോഫി ഏറ്റുവാങ്ങിയശേഷം ആദ്യ അന്താരാഷ്ട്ര ടെസ്റ്റിനിറങ്ങിയ അഫ്ഗാന്‍ താരങ്ങളേയും കിരീടത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ രഹാനെ ക്ഷണിച്ചു.

രഹാനെയുടെ തീരുമാനത്തെ കൈയടിച്ചും ആര്‍ത്തുവിളിച്ചും കാണികളും മറ്റും പ്രോത്സാഹിപ്പിച്ചപ്പോള്‍ ക്രിക്കറ്റ് ലോകത്തെ അവിസ്മരണീയ കാഴ്ചകള്‍ക്കായിരുന്നു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

തങ്ങളുടെ ആദ്യ ടെസ്റ്റിനിറങ്ങിയ അഫ്ഗാന്‍ ഇന്ത്യയോട് ഇന്നിംഗ്‌സിനും 262 റണ്‍സിനുമാണ് പരാജയപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 474 റണ്‍സിനെതിരെ ഫോളോ ഓണിനിറങ്ങിയ അഫ്ഗാന്‍ ബാറ്റിംഗ് നിര 103 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ 109 റണ്‍സായിരുന്നു അഫ്ഗാന്റെ സമ്പാദ്യം. ഫലം ഇന്ത്യയ്ക്ക് 262 റണ്‍സിന്റെ ഇന്നിംഗ്‌സ് വിജയം.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് അഫ്ഗാനെ രണ്ടാമിന്നിംഗ്‌സില്‍ തകര്‍ത്തുവിട്ടത്. ഉമേഷ് യാദവ് 3 വിക്കറ്റെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാമിന്നിംഗ്‌സില്‍ അഫ്ഗാന്റെ അവസാന ബാറ്റ്‌സാനായ വഫാദറിനെ പുറത്താക്കി ചരിത്രടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 474 എന്ന ഭേദപ്പെട്ട സ്‌കോറാണ് അഫ്ഗാനിസ്ഥാന് മുന്നില്‍വെച്ചത്. ശിഖര്‍ ധവാനും മുരളി വിജയും സെഞ്ച്വഖി നേടിയപ്പോള്‍ രാഹുലും പാണ്ഡ്യയും അര്‍ധസെഞ്ച്വറി നേടി.

മറുപടി ബാറ്റിംഗിനറങ്ങിയ അഫ്ഗാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 109 റണ്‍സിന് കൂടാരം കയറിയ അഫ്ഗാന്‍ ബാറ്റിംഗ് നിര രണ്ടാമിന്നിംഗ്‌സില്‍ 103 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.