Entertainment news
നായകന്റെ നിഴലില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടില്ല, അത് എനിക്ക് കേള്‍ക്കേണ്ടി വന്ന ഒരു ആക്ഷേപമായിരുന്നു: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 31, 06:42 am
Monday, 31st October 2022, 12:12 pm

ചുരുങ്ങിയ കാലം കൊണ്ട് സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത കുമാരിയാണ് ഐശ്വര്യയുടെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

താന്‍ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ് താരം. സിനിമയില്‍ ഇത്രയും കാലം ചെയ്ത കഥാപാത്രങ്ങളൊന്നും നായകന്റെ നിഴലില്‍ നില്‍ക്കുന്നവരല്ലെന്നും അത് പീന്നീട് തനിക്ക് ഒരു ആക്ഷേപമായി മാറിയിരുന്നെന്നും ഐശ്വര്യ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങലെക്കുറിച്ച് ഐശ്വര്യ പറഞ്ഞത്.

”ഞാന്‍ ചെയ്ത കഥാപാത്രങ്ങളൊന്നും നായകന്റെ നിഴലില്‍ നിന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ചെയ്ത എല്ലാ ഫീമെയില്‍ ക്യാരക്ടേസിനും സ്വന്തമായ അഡ്രസ് ഉണ്ടായിരുന്നു. ആദ്യമായ ചെയ്ത റേച്ചല്‍ എന്ന കഥാപാത്രം ഒരിക്കലും നിവിന്‍ പോളി ചെയ്ത കുര്യന്‍ എന്ന കഥാപാത്രത്തിന്റെ നിഴലില്‍ നിന്ന കഥാപാത്രമല്ല.

വളരെ ചെറിയ ലൈഫില്‍ പോലും സ്വന്തം കാര്യം ചെയ്തിട്ടാണ് അവര്‍ പോകുന്നത്. അതുപോലെ തന്നെയാണ് അപ്പു, പ്രിയ തുടങ്ങി എന്റെ എല്ലാ കഥാപാത്രങ്ങളും അവരവരുടെ വ്യക്തിത്വമുള്ളവരാണ്. അതും ഒരു കാലത്ത് എനിക്ക് കേള്‍ക്കേണ്ടി വന്ന ആക്ഷേപമായിരുന്നു.

എന്നാല്‍ എനിക്ക് അതില്‍ പ്രശ്‌നമില്ല. കാരണം നമ്മള്‍ ആരുടേയും ലൈഫില്‍ സൈഡ് ക്യാരക്ടേസ് അല്ല. നമ്മുടെ ലൈഫിലെ മെയിന്‍ ലീഡ് നമ്മളാണ്. കഥയില്‍ അങ്ങനെ ഒരു സ്‌പേസ് ഉണ്ടെങ്കില്‍ എല്ലാ ഫീമെയില്‍ ക്യാരക്ടേസിനും അവരുടെ അജണ്ട ഉണ്ടായിരിക്കണം,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

പൃഥ്വിരാജ് ചിത്രം രണം ഒരുക്കിയ സംവിധായകന്‍ നിര്‍മല്‍സഹദേവിന്റെ രണ്ടാമത്തെ ചിത്രമാണ് കുമാരി. ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലേ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: aiswarya lekshmi about her movie charactors