ആ സൂപ്പര്‍സ്റ്റാര്‍ മേക്കപ്പിലും ആര്‍ട്ട് പ്രോപ്പര്‍ട്ടിയിലും വരെ ഇടപെടും; പ്രേക്ഷകരെ മനസില്‍ കണ്ടാണ് അഭിനയിക്കുക: ഐശ്വര്യ ലക്ഷ്മി
Entertainment
ആ സൂപ്പര്‍സ്റ്റാര്‍ മേക്കപ്പിലും ആര്‍ട്ട് പ്രോപ്പര്‍ട്ടിയിലും വരെ ഇടപെടും; പ്രേക്ഷകരെ മനസില്‍ കണ്ടാണ് അഭിനയിക്കുക: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th November 2024, 1:10 pm

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരുന്നു.

പൊന്നിയിന്‍ സെല്‍വന് ശേഷം കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലും ഒരു പ്രധാന വേഷത്തില്‍ ഐശ്വര്യ എത്തുന്നുണ്ട്.

കമല്‍ ഹാസനെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സെറ്റില്‍ കമല്‍ വളരെ സൈലന്റ് ആയിട്ടുള്ള ആളാണെന്നും മണിരത്‌നമായി മാത്രമാണ് അദ്ദേഹം സംസാരിക്കാറുള്ളതെന്നും ഐശ്വര്യ പറയുന്നു. മേക്കപ്പിലും ആര്‍ട്ട് പ്രോപ്പര്‍ട്ടിയിലുമെല്ലാം കമല്‍ ഹാസന്‍ ഇടപെടുമെന്നും ഓരോ അഭിനേതാക്കളെയും നിരീക്ഷിച്ച് സജഷനുകള്‍ നല്‍കുമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകരെ മനസില്‍ കണ്ടാണ് അദ്ദേഹം അഭിനയിക്കുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും വളരെ ഫോക്കസ്ഡായ ആക്ടറാണ് കമല്‍ ഹാസനെന്നും ഐശ്വര്യ പറഞ്ഞു. സൈലന്റായി ക്ലാസില്‍ വന്ന് ഒന്നാം റാങ്ക് വാങ്ങി പോകുന്ന ഒരു കുട്ടിയെപോലെയാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘കമല്‍ സാര്‍ സെറ്റില്‍ ഭയങ്കര സൈലന്റാണ്. മണി സാറുമായി മാത്രമാണ് അത്ര സംസാരിച്ച് ഞാന്‍ കണ്ടിട്ടുള്ളു. മേക്കപ്പിലാണെങ്കിലും ആര്‍ട്ട് പ്രോപ്പര്‍ട്ടിയിലാണെങ്കിലും ഒക്കെ അദ്ദേഹം വളരെ ഇന്‍വോള്‍വിഡാണ്. ഒരു അഭിനേതാവിനെ സൂക്ഷ്മമായി നിരീക്ഷിക്കും എന്നിട്ട് അദ്ദേഹത്തിന് ചേര്‍ക്കാന്‍ കഴിയുന്ന കാര്യങ്ങളെ കമല്‍ സാര്‍ പറഞ്ഞുതരും. കാരണം അദ്ദേഹത്തിന് അറുപത്തിയഞ്ച് വര്‍ഷത്തിന് മുകളില്‍ സിനിമയിലുള്ള അനുഭവമുണ്ട്.

അദ്ദേഹത്തില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം ആദ്യത്തേത് അദ്ദേഹം വളരെ ഫോക്കസ്ഡ് ആയിട്ടുള്ള അഭിനേതാവാണ്. രണ്ടാമത്തെ കാര്യം കമല്‍ സാര്‍ പ്രേക്ഷകരേയുംകൂടെ മനസില്‍ കണ്ടാണ് അഭിനയിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്നെല്ലാം അദ്ദേഹത്തിന് നന്നായി അറിയാം.

അതുതന്നെയാണ് ഒരു ആക്ടറും സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള വ്യത്യാസം എന്ന് തോന്നുന്നു. അവര്‍ക്ക് ആ ഒരു ചാം ഉണ്ടാകും. അദ്ദേഹം വര്‍ക്ക് ചെയ്യുന്ന രീതിയും എനിക്ക് വളരെ ഇഷ്ടമാണ്. സൈലന്റ് ആയി വന്ന് ഒന്നാം റാങ്ക് വാങ്ങി പോകുന്ന ഒരു കുട്ടിയെപോലെയാണ് അദ്ദേഹം,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi Talks About Kamal Haasan