പടക്ക നിരോധനം ഏർപ്പെടുത്താൻ പ്രത്യേക സെൽ രൂപീകരിക്കാൻ ദൽഹി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു
national news
പടക്ക നിരോധനം ഏർപ്പെടുത്താൻ പ്രത്യേക സെൽ രൂപീകരിക്കാൻ ദൽഹി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2024, 4:29 pm

ന്യൂദൽഹി: പടക്ക നിരോധനം ഏർപ്പെടുത്താൻ പ്രത്യേക സെൽ രൂപീകരിക്കാൻ ദൽഹി പൊലീസിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ശാശ്വതമായ പടക്ക നിരോധനം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം നവംബർ 25ന് മുമ്പ് തീരുമാനമെടുക്കാൻ ദൽഹി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം വർഷം മുഴുവനും പ്രശ്‌നമായി തുടരുമ്പോൾ എന്തുകൊണ്ടാണ് രാജ്യവ്യാപകമായി പടക്കങ്ങൾക്ക് സ്ഥിരമായ നിരോധനം ഏർപ്പെടുത്താത്തതെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി ദൽഹി സർക്കാരിനോട് ചോദിച്ചു.

എന്തുകൊണ്ടാണ് ദൽഹിയിൽ നിശ്ചിത മാസങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ശാശ്വതമായ പടക്ക നിരോധനം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ച് നവംബർ 25ന് മുമ്പ് തീരുമാനമെടുക്കാൻ ദൽഹി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

പടക്ക നിരോധനം ഏർപ്പെടുത്താൻ പ്രത്യേക സെൽ രൂപീകരിക്കാൻ ദൽഹി പോലീസ് കമ്മീഷണറോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പടക്ക നിരോധനം നടപ്പാക്കുന്നത് ദൽഹി പൊലീസ് ഗൗരവമായി എടുത്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

മലിനീകരണം പ്രോത്സാഹിപ്പിക്കുന്നതോ ജനങ്ങളുടെ ആരോഗ്യവിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതോ ആയ ഒരു പ്രവർത്തനവും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് പ്രഥമദൃഷ്ട്യാ അഭിപ്രായമെന്ന് വിഷയത്തിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു.

പടക്ക നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തി വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കാൻ ദൽഹി പൊലീസ് കമ്മീഷണറോട് കോടതി നിർദ്ദേശിച്ചു. കൂടാതെ എല്ലാ എൻ.സി.ആർ സംസ്ഥാനങ്ങളോടും മലിനീകരണം കുറക്കാൻ വേണ്ടി അവർ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

Content Highlight: Air pollution: SC asks why there was no permanent firecracker ban when pollution is year-round issue