സേലം: എ.ഐ.എ.ഡി.എം.കെ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രതിരൂപമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്നും മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങിയ നേതാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
” ഇത് നിങ്ങളുടെ പഴയ എ.ഐ.എ.ഡി.എം.കെയല്ല. ദയവുചെയ്ത് തെറ്റിധരിക്കരുത്. മുഖംമൂടി വെച്ച എ.ഐ.എ.ഡി.എം.കെയാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ളത്. അവരെ കണ്ടാല്‍ എ.ഐ.എ.ഡി.എം.കെയെപ്പോലെ തോന്നുമായിരിക്കും. പക്ഷേ നിങ്ങള്‍ മുഖംമൂടിമാറ്റിയാല്‍ കാണുക എ.ഐ.എ.ഡി.എം.കെയെന്ന പാര്‍ട്ടിയെ അല്ല, ആര്‍.എസ്.എസിനെയും ബി.ജെ.പിയേയുമാണ്,” രാഹുല്‍ പറഞ്ഞു. പഴയ എ.ഐ.എ.ഡി.എം.കെയുടെ കഥ കഴിഞ്ഞുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണ അധികാരവും ബി.ജെ.പിക്ക് നല്‍കിയ പാര്‍ട്ടിയാണ് ഇപ്പോഴത്തെ എ.ഐ.എ.ഡി.എംകെയെന്നും അവരുമായി ഇടപെടുമ്പോള്‍ തമിഴ് ജനത സൂക്ഷിക്കണമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ തലകുനിക്കാനോ, അമിത് ഷായുടെയോ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെയോ കാലില്‍ വീഴാനോ താത്പര്യപ്പെടാതിരിക്കുമ്പോള്‍ എന്തിനാണ് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി ഇവര്‍ക്കെല്ലാം മുമ്പില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നത് എന്നും രാഹുല്‍ ചോദിച്ചു.
തമിഴ്‌നാട്ടില്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം സൂചിപ്പിക്കുന്നത്.