ഇന്ത്യ-ഓസീസ് ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ ആവേശകരമായ അവസാന ടെസ്റ്റ് മത്സരം അഹമ്മദാബാദിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസീസാണ് ആദ്യ ദിനം ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനായി മൈതാനത്തിറങ്ങിയിരിക്കുന്നത്. ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്.
ഓസീസിനായി ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ശൈലിയിൽ ബാറ്റ് വീശി 32 റൺസെടുത്ത ട്രാവിസ് ഹെഡും 48 റൺസെടുത്ത് ബാറ്റിങ് തുടരുന്ന ഉസ്മാൻ ഖവാജയുമാണ് ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായത്.
എന്നാലിപ്പോൾ പരമ്പരയിൽ ഉടനീളം ഇന്ത്യൻ പിച്ചുകളെക്കുറിച്ച് കേട്ടിരുന്ന മോശം അഭിപ്രായങ്ങൾക്ക് ശേഷം നാലാം ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്.
അഹമ്മദാബാദിലെ പിച്ച് ഇതുവരെയുള്ള മത്സരങ്ങൾ നടന്ന മൈതാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും മത്സരത്തിൽ വലിയ റൺസ് ഒഴുകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സ്റ്റീവ് സ്മിത്ത് അഭിപ്രായപ്പെട്ടു.
“ഈ പരമ്പരയിൽ ഉടനീളം വലിയ സ്കോറുകൾ ഒന്നും ഉണ്ടായിട്ടില്ല. ആദ്യ ടെസ്റ്റിൽ ഇന്ത്യ 400 റൺസ് സ്കോർ ചെയ്തിരുന്നു, രോഹിത് സെഞ്ച്വറിയും സ്വന്തമാക്കി. എന്നാൽ പിന്നീട് പരമ്പരയിൽ വലിയ സ്കോറുകൾ ഒന്നും പിറന്ന് കണ്ടില്ല.
അഹമ്മദാബാദിലെ പിച്ച് കുറച്ച് കൂടി വ്യത്യസ്ഥമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവിടെ നല്ല രീതിയിൽ റൺസ് ഒഴുകാൻ സാധ്യതയുണ്ട്,’ സ്റ്റീവ് സ്മിത്ത് പറഞ്ഞു.
അതേസമയം പരമ്പര സ്വന്തമാക്കാൻ അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്കെങ്കിലുമെത്തിക്കാൻ ഇന്ത്യക്ക് സാധിക്കണം. എന്നാൽ പരമ്പര വിജയിച്ചാൽ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിക്കാൻ ഇന്ത്യൻ ടീമിന് എന്തെങ്കിലും സാധ്യതയുള്ളൂ.
നിലവില്‍ 18 ടെസ്റ്റുകളില്‍ നിന്നും 68.52 പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്താണ്. 60.29 പോയിന്റ് ശരാശരിയുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും 53.33 പോയിന്റ് ശരാശരിയുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്.