Cricket
വഖാറിനെ 'അടിച്ചു' ; പ്രതികരണവുമായി അഹ്മദ് ഷെഹ്‌സാദ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 28, 02:51 pm
Thursday, 28th July 2022, 8:21 pm

 

ഒരു കാലത്ത് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍താരമെന്ന് വിഷേശിപ്പിച്ചിരുന്ന താരമായിരുന്നു അഹ്മദ് ഷെഹ്‌സാദ്. ടീമിന്റെ ബാറ്റിങ് കരുത്തായിരുന്നു ഷെഹ്സാദ്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി നിരന്തരം ഷെഹ്സാദിനെ പാകിസ്ഥാന്‍ ആരാധകര്‍ താരതമ്യപ്പെടുത്തിയിരുന്നു.

പാകിസ്ഥാന് വേണ്ടി ഓപ്പണിങ് പൊസിഷനില്‍ കളിച്ചുകൊണ്ടിരുന്ന ഷെഹ്സാദ് ഒരു കാലത്തിന് ശേഷം ഔട്ട് ഓഫ് ഫോം ആകുകയും പിന്നീട് ടീമില്‍ നിന്നും പുറത്താകുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ അദ്ദേഹത്തിനെ ടീമില്‍ നിന്നും പുറത്താക്കിയത് മോശമാണെന്നും ഇപ്പോഴും കളിക്കാന്‍ സാധിക്കുമെന്നും ഷെഹ്‌സാദ് തന്നെ നിരന്തരം വാദിക്കാറുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഷെഹ്‌സാദിന്റെ കാലത്ത് തന്നെ ഒരുപാട് താരങ്ങള്‍ കൊഴിഞ്ഞുപോയിരുന്നു.

അവരുടെ ടീമിലെ സ്ഥാനം നഷ്ടമാകാന്‍ കാരണം അന്നത്തെ കോച്ചായ വഖാര്‍ യൂനിസാണെന്ന വാദം താരങ്ങള്‍ ആരോപിച്ചിരുന്നു. ഷെഹ്‌സാദിന്റെയും അഭിപ്രായത്തില്‍ വ്യത്യാസമില്ല. പി.സി.ബിക്ക് താന്‍ ടീമില്‍ കളിക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

തനിക്ക് അച്ചടക്കമില്ലെന്ന വാര്‍ത്തകള്‍ കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എന്നെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മാധ്യമങ്ങളെ അവഗണിക്കാനുമാണ് എനിക്ക് താല്‍പര്യം. എന്റെ രാജ്യത്തിനെ അഭിമാനത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ ഒരു അച്ചടക്കലംഘനവും നടത്തിയിട്ടില്ല,’ ഷെഹ്സാദ് പറഞ്ഞു.

ഷെഹ്‌സാദ് വഖാര്‍ യൂനിസിനെ അടിച്ചു എന്നും അദ്ദേഹം തിരിച്ചുതല്ലിയെന്നും ചില വാര്‍ത്തകളുണ്ടായിരുന്നു. അതില്‍ വാസ്തവമൊന്നുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

”എന്നെക്കുറിച്ച് ഞാന്‍ ഒന്നും മറച്ചുവെച്ചിട്ടില്ല. ഞാന്‍ വഖാര്‍ യൂനിസിനെ അടിച്ചു, അദ്ദേഹം എന്നെ തിരിച്ചടിച്ചു എന്നൊക്കെയുള്ള തലക്കെട്ടുകള്‍ പോലും ഞാന്‍ കണ്ടിട്ടുണ്ട്. അതിനാല്‍, ഞാന്‍ എപ്പോഴെങ്കിലും ഡ്രസ്സിങ് റൂം പരിസ്ഥിതിയെ ശല്യപ്പെടുത്തിയിരുന്നെങ്കില്‍, ആളുകള്‍ക്ക് അറിയാമായിരുന്നു. ഞാന്‍ സന്തോഷവാനായ ഒരു വ്യക്തിയായിരുന്നു, ഒപ്പം ടീമിന്റെ മുന്‍ഗണന മുകളില്‍ നിലനിര്‍ത്തുകയും ചെയ്തു. നിങ്ങള്‍ക്ക് തലക്കെട്ടുകള്‍ സൃഷ്ടിക്കണമെങ്കില്‍, അത് നിങ്ങളുടെ ഇഷ്ടമാണ്,’ ഷെഹ്‌സാദ് പറഞ്ഞു.

തന്റെ അച്ചടക്കത്തെ സംബന്ധിച്ചിടത്തോളം താന്‍ പാകിസ്ഥാനെതിരെ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്. താന്‍ കളിച്ച ഓരോ കളിയും താന്‍ എന്റെ 100 ശതമാനം കൊടുത്തുവെന്നും തനിക്ക് ഖേദമൊന്നുമില്ലെന്നും ഷെഹ്‌സാദ് പറഞ്ഞു.

Content Highlights: Ahmed Shehzad speaking against news says that he beat Waqar Younis