ഗുജറാത്ത് സര്‍ക്കാരിന് ചേരികള്‍ നാണക്കേടായി തോന്നുകയാണെങ്കില്‍ ചേരികള്‍ മറച്ചുവെക്കാതെ അവിടെ ദുരിത ജീവിതം നയിക്കുന്ന ആയിരക്കണക്കിന് ആളുകളെ പുനരധിവസിപ്പിക്കണം എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ചേരികള്‍ ഒഴിയാന്‍ 45 കുടുംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ട്രംപ് ഇന്ത്യയിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എത്രയും പെട്ടെന്ന് വീടൊഴിയണമെന്ന് ചേരി നിവാസികള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അനധികൃതമായാണ് ഇവര്‍ ഇവിടെ താമസിക്കുന്നതെന്നാണ് നഗര സഭ പറയുന്നത്.
പുതുതായി നിര്‍മ്മിച്ച മോടേറ സ്റ്റേഡിയത്തിന് സമീപം താമസിക്കുന്നവരോടാണ് വീടൊഴിഞ്ഞു പോകാന്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നിര്‍മ്മാണ തൊഴിലാളികളാണ്. രണ്ട് ദശാബ്ദമായി തങ്ങള്‍ ജീവിച്ചു വരുന്ന സ്ഥലത്ത് നിന്നാണ് ഒഴിഞ്ഞു പോകണമെന്ന് ഒരു സുപ്രഭാതത്തില്‍ നഗരസഭ പറയുന്നതെന്ന് ചേരി നിവാസികള്‍ പറയുന്നു. നമസ്തേ ട്രംപിന്റെ ഭാഗമായി തങ്ങള്‍ ഇനിയും എന്തൊക്കെ അനുഭവിക്കണം എന്നാണ് 300 രൂപ ദിവസ വരുമാനമുള്ള ഇവരുടെ ചോദ്യം.
ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി 24, 25 തീയ്യതികളിലാണ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്. ഒരു വിദേശ രാജ്യത്തിന്റെ പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോള്‍ സാധാരണ ഗതിയില്‍ ഒപ്പിടാന്‍ സാധ്യതയുള്ള വ്യാപാര കരാറുകളെ കുറിച്ചും അന്താരാഷ്ട്ര നയങ്ങളെക്കുറിച്ചുമാണ് ചര്‍ച്ചകള്‍ ഉയരുക. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചത് അഹമ്മദാബാദിലെ ചേരികള്‍ മറച്ചുവെക്കാന്‍ മതില്‍ നിര്‍മ്മിക്കാനുള്ള ശ്രമവും, ചേരികള്‍ ഒഴിയാന്‍ പ്രദേശ വാസികള്‍ക്ക് നോട്ടീസ് നല്‍കിയതുമൊക്കെയാണ്.
ന്യൂഡല്‍ഹിയിലെത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ട്രംപ് ഗുജറാത്തും സന്ദര്‍ശിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അഹമ്മദാബാദില്‍ ചേരി പ്രദേശങ്ങള്‍ മറച്ചുവെക്കുന്നതിനായി മതില്‍ പണിയാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. നേരത്തെ സൗന്ദര്യവത്കരണ ശ്രമത്തിന്റെ ഭാഗമായാണ് മതില്‍ നിര്‍മ്മാണവും എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഫെബ്രുവരി 24ന് ഗുജറാത്ത് സര്‍ക്കാരിന്റെ കുടി അതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ ഗുജറാത്തിന്റെ യഥാര്‍ത്ഥ മുഖം മറച്ചു പിടിക്കാനാണ് മതില്‍ പണിയുന്നതെന്ന് ആരോപണം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. .
ഏഴടി ഉയരത്തില്‍ അര കിലോമീറ്ററോളം നീളമുള്ള മതിലാണ് അഹമ്മദാബാദില്‍ ഉയരുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാദം കടുത്തതോടെ മതിലിന്റെ ഉയരം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എയര്‍പോര്‍ട്ടിനും ഇന്ദിര ബ്രിഡജിനും ഇടയില്‍ വരുന്ന സരണിയാവാസ്, ദേവ് സാരണ്‍ ചേരികള്‍ മറച്ചുവെക്കാനായിരുന്നു ഗുജറാത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മതില്‍ നിര്‍മ്മാണത്തിനൊരുങ്ങിയത്. ട്രംപും മെലാനിയ ട്രംപും ഈ വഴിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കടന്നു പോകുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇപ്പോള്‍ വീടൊഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നതും ട്രംപിനൊരുക്കിയ പൊതുവേദിയായ മൊടേറ സ്റ്റേഡിയത്തിന് ഒന്നര കിലോ മീറ്റര്‍ ദൂരപരിധിയില്‍ താമിസിക്കുന്നവര്‍ക്കാണ്. അന്താരാഷ്ട്ര നേതാക്കളെത്തുമ്പോഴെല്ലാം പി.ആര്‍ ക്യാംപയിനുകളിലൂടെ ഉയര്‍ത്തി കൊണ്ടു വന്ന ഗുജറാത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തു വരാതിരിക്കാനാണ് ഇത്തരം ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്.അന്താരാഷ്ട്ര നേതാക്കള്‍ ഗുജറാത്തിലെത്തുമ്പോള്‍ ചേരി പ്രദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നത് ഗുജറാത്തില്‍ പുതിയ രീതിയല്ല.
2017ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ത്രിദിന സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ അദ്ദേഹം കടന്നു പോകുന്ന വഴികളിലെ ചേരി പ്രദേശങ്ങള്‍ ചച്ച നിറത്തിലുള്ള തുണി കെട്ടിയാണ് മറച്ചത്. അലങ്കാരത്തിനായി ഫ്‌ളൂറസന്റ് ബള്‍ബുകളും ഉപയോഗിച്ചു.
2017ല്‍ തന്നെ ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഭാഗമായി പല അന്താരാഷ്ട്ര നേതാക്കളും ഗുജറാത്തില്‍ എത്തിയപ്പോള്‍ സമാനമായ രീതിയില്‍ തുണി മറച്ചുകെട്ടി ചേരി പ്രദേശങ്ങള്‍ മറച്ചു പിടിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
ഔദ്യോഗിക കണക്ക് പ്രകാരം 19,749 ചേരികളാണ് ഗുജറാത്തിലുള്ളത്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ചേരികള്‍ ഉള്ളത്. ഇതിനു തൊട്ട് പിന്നിലാണ് ഗുജറാത്ത്. ഗുജറാത്തില്‍ 3.84 ലക്ഷം കുടുംബങ്ങള്‍ ചേരികളിലാണ് ജീവിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.