81 കര്‍മ്മസേനാംഗങ്ങളില്‍ മുക്കാല്‍ഭാഗവും സ്ത്രീകളാണ്. ട്രാക്ടര്‍ അടക്കമുള്ള യന്ത്രങ്ങള്‍ അനായാസമായി അവര്‍ കൈകാര്യം ചെയ്യുന്നു. എഴുപതോളം തൊഴില്‍ ദിനങ്ങളിലായി മുപ്പതിനായിരത്തോളം രൂപ പ്രതിശീര്‍ഷവരുമാനമായി നെല്‍കൃഷി കര്‍മ്മസേനാംഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
കിസ്സാന്‍ / റഫീക്കര്‍ എം, ജയകുമാര്‍ ജി, ഷഹനാസ് കെ.എം.പി.
കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുന്ന ഒരു സംവിധാനത്തിനു മാത്രമെ നെല്‍കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ കഴിയൂ. അതിനായുള്ള ഏറ്റവും അനുകരണീയ മാതൃകയായാണ് കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി കര്‍മ്മസേനയ്ക്ക് രൂപം കൊടുത്തത്.
2007ല്‍ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് കണ്ണൂര്‍ കൃഷിവിജ്ഞാന കേന്ദ്രം നെല്‍കൃഷി കര്‍മ്മസേനയ്ക്ക് തുടക്കം കുറിക്കുന്നത്. പതിനാറ് പേര്‍ അടങ്ങുന്ന സംഘത്തിന് യന്ത്രവത്കൃത ശാസ്ത്രീയ നെല്‍കൃഷിയില്‍ പരിശീലനം നല്‍കി. അവരില്‍ പന്ത്രണ്ട് യുവതികളുണ്ടായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയശേഷം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു.
കൃഷി വിവരങ്ങളെപ്പറ്റിയുള്ള പരിശീലനത്തിനപ്പുറം വ്യക്തിത്വ വികാസത്തിനും ആത്മവിശ്വാസ വര്‍ദ്ധനവിനും പ്രാമുഖ്യം നല്‍കാന്‍ ശ്രദ്ധിച്ചു. അവരെ പവര്‍ടില്ലര്‍, നടീല്‍ യന്ത്രം, കോണോ വീഡര്‍, കൊയ്ത്ത് യന്ത്രം, മെതിയെന്ത്രം എന്നിവയുടെ ഉടമസ്ഥരാക്കി മാറ്റി. 2007ല്‍ തന്നെ ഇരുന്നൂറോളം ഹെക്ടര്‍ ഭൂമിയാണ് ഈ യന്ത്രപ്പണിപ്പട തരിശില്‍ നിന്ന് ഹരിതാഭമാക്കിയത്.
കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ.കെ. അബ്ദുല്‍ കരിമിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായി സേവനമനുഷ്ടിച്ച ഡോ. എം. അമീനയും, ഡോ. പി.പി. മൂസയുമാണ് നെല്‍കൃഷി കര്‍മസേനയുടെ ശില്പികള്‍. ഡോ. തുളസി.വി, ഡോ. പൂര്‍ണ്ണിമ യാദവ് പി.ഐ എന്നിവരുടെ കൂടെ കഠിന ശ്രമത്തിന്റെ ഫലമാണ് നെല്‍കൃഷി കര്‍മ്മസേനയുടെ വിജയം.
പരിയാരം പഞ്ചായത്തിലെ മാവിച്ചേരിപ്പാടങ്ങളില്‍ നിലമൊരുക്കുന്നതു മുതല്‍ മെതിക്കുന്നതുവരെ യന്ത്രങ്ങളാല്‍ നിര്‍വഹിക്കപ്പെടുന്ന കാഴ്ചയും നെല്‍കൃഷി കര്‍മ്മസേനയെന്ന ആശയത്തിന്റെ വിജയവുമാണ് ഇതിന്റെ വ്യാപനത്തിനായി രംഗത്തിറങ്ങാന്‍ ജില്ലാ കൃഷിവകുപ്പ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
2009-2011 കാലയളവില്‍ ശ്രീകണ്ഠാപുരം, ചെറുതാഴം, ചെങ്ങളായി, കുറുമാത്തൂര്‍, കടമ്പൂര്‍, തളിപ്പറമ്പ്, പാപ്പിനിശ്ശേരി, പെരളശ്ശേരി, കല്ല്യാശ്ശേരി, നാറാത്ത്, കൊളച്ചേരി, കുറ്റിയാട്ടൂര്‍, ചെറുകുന്ന്, കണ്ണപുരം, എരമംകുറ്റൂര്‍, മയ്യില്‍ എന്നീ പഞ്ചായത്തുകളിലെ 65 പേര്‍ക്കുകൂടി കൃഷിവിജ്ഞാന കേന്ദ്രം പരിശീലനം നല്‍കി. യന്ത്രങ്ങള്‍ കൃഷിവകുപ്പും നല്‍കി.
ആദ്യത്തെ കര്‍മ്മസേനാംഗങ്ങളെ പരിശീലകരാക്കി മാറ്റി പാടത്തെ അനുഭവ വിജ്ഞാനം പുതിയ പരിശീലനാര്‍ത്ഥികള്‍ക്ക് കൈമാറാന്‍ കേന്ദ്രം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മൊത്തം 17 പഞ്ചായത്തുകളിലായി 81 കര്‍മ്മസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ 2011-12 വര്‍ഷമായപ്പോള്‍ 223 ഹെക്ടറിലായി നെല്‍കൃഷി വ്യാപിപ്പിച്ചു.
വിളിപ്പുറത്തോ ഒരു മൊബൈല്‍ സന്ദേശത്തിലോ ലഭ്യമാകുന്ന വിശ്വസനീയമായ പ്രവര്‍ത്തന മികവുള്ള ഒരു സംഘമാണിവര്‍. തൊഴില്‍ച്ചിലവിലുണ്ടാകുന്ന കുറവ്, ശാസ്ത്രീയമായ കൃഷിരീതിയിലൂടെ ഉത്പാദന വര്‍ദ്ധനവ്, ഒരു ഹെക്ടര്‍ നെല്‍കൃഷി ചെയ്യുമ്പോള്‍ വരുമാനം പരമ്പരാഗത രീതിയില്‍ ഹെക്ടറിന് 3.5 ടണ്ണും കര്‍മ്മസേനകളിലൂടെയുള്ള യന്ത്രവത്കൃത കൃഷിയില്‍ 4.05 ടണ്ണും ലഭിച്ചു. അധികവിളവിലൂടെ 4000 രൂപയും കുറയുന്ന തൊഴില്‍ ചിലവുമൂലം 6693 രൂപയും അങ്ങനെ മൊത്തം ഒരു ഹെക്ടറില്‍ 10693 രൂപയുടെ അധികവരുമാനം കര്‍ഷകന് ലഭിച്ചു.
81 കര്‍മ്മസേനാംഗങ്ങളില്‍ മുക്കാല്‍ഭാഗവും സ്ത്രീകളാണ്. ട്രാക്ടര്‍ അടക്കമുള്ള യന്ത്രങ്ങള്‍ അനായാസമായി അവര്‍ കൈകാര്യം ചെയ്യുന്നു. എഴുപതോളം തൊഴില്‍ ദിനങ്ങളിലായി മുപ്പതിനായിരത്തോളം രൂപ പ്രതിശീര്‍ഷവരുമാനമായി നെല്‍കൃഷി കര്‍മ്മസേനാംഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. കുടുംബത്തിലെ മൊത്തവരുമാനത്തിന്റെയും ചെലവിന്റെയും പങ്കാളിത്തത്തില്‍ 20 ശതമാനത്തിലധികം വര്‍ദ്ധനവാണ് സ്ത്രീ സേനാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്.
ദൂരസ്ഥലത്തെ കര്‍ഷകരുടെ വയലുകളില്‍പോലും കൃഷിചെയ്യാന്‍ പോകാനായി അവര്‍ മടികാണിക്കുന്നില്ല. സമൂഹത്തില്‍ ലഭിച്ച അംഗീകാരവും അഭിനന്ദനവും, മാധ്യമ പ്രശസ്തിയും അവര്‍ക്ക് ആത്മവിശ്വാസമേകുന്നു. ഈ ആത്മവിശ്വാസവും കൃഷിരീതികളിലുള്ള അറിവും, മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാന്‍ അയല്‍ക്കൂട്ടയോഗങ്ങളിലും, മറ്റു സംഘയോഗങ്ങളിലും അവര്‍ക്ക് കഴിയുന്നുണ്ട്. തങ്ങളുടെ ജീവിതത്തിനും അര്‍ത്ഥമുണ്ടായി എന്ന മതിപ്പ് സേനാംഗങ്ങള്‍ക്കിടയില്‍ ശക്തമാണെന്നാണ് പഠനം തെളിയിച്ചത്.
അറ്റകുറ്റപ്പണികള്‍ അടക്കമുള്ള സര്‍വ്വീസ് സൗകര്യങ്ങളുടെ അപര്യാപ്തതയായിരുന്നു ഒരു വെല്ലുവിളി. പരിഹാരമായി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ഫാര്‍മേഴ്‌സ് എഞ്ചിനീയറിങ്ങ് സര്‍വ്വീസ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ (FEST) ആരംഭിച്ചു. യന്ത്രോപകരണങ്ങളുടെ അറ്റകുറ്റപ്പണി, പരിചരണം എന്നിവ നടത്തുക, ഇവയില്‍ പരിശീലനം നല്‍കുക, സ്‌പെയര്‍ പാര്‍ട്ട്‌സുകളുടെ വില്‍പന എന്നിവയാണ് ഈ സെന്ററിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.
ഇവരെക്കൂടാതെ മണ്ണുപരിശോധന മുതല്‍ തടമെടുക്കല്‍, വളപ്രയോഗം, ഇടവിള കൃഷി, രോഗകീടനിയന്ത്രണം ഉള്‍പ്പെടെ യന്ത്രം ഉപയോഗിച്ചുള്ള വിളവെടുപ്പ് വരെ തെങ്ങിന് ശാസ്ത്രീയമായി നിര്‍വഹിക്കുന്ന നാളികേര ടെക്‌നീഷ്യന്മാരും നഗര മട്ടുപ്പാവുകള്‍ക്ക് അനുയോജ്യമാംവിധം ബാഗുകളില്‍ പച്ചക്കറി വളര്‍ത്തിനല്‍കുന്ന വിദഗ്ധ സംഘമായ വെജിറ്റബിള്‍ ടെക്‌നീഷ്യന്‍സും ഇവിടെ പ്രവര്‍ത്തിക്കുന്നു.
കണ്ണൂര്‍ കെ.വി.കെയില്‍ ഉദ്യോഗസ്ഥരാണ് ലേഖകര്‍.
ഫോണ്‍: 9446730290