'12th Fail' സംവിധായകന്റെ മകൻ; രഞ്ജിയിൽ ചരിത്രനേട്ടത്തിന്റെ പുതിയ അവകാശി
Cricket
'12th Fail' സംവിധായകന്റെ മകൻ; രഞ്ജിയിൽ ചരിത്രനേട്ടത്തിന്റെ പുതിയ അവകാശി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd February 2024, 10:40 am

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം അഗ്‌നി ചോപ്ര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് അഗ്‌നി ചോപ്ര സ്വന്തമാക്കിയത്.

അടുത്തിടെ ഏറെ ശ്രദ്ധ നേടിയ ഹിന്ദി ചിത്രമായ ’12th Fail” എന്ന സിനിമയുടെ സംവിധായകന്‍ വിധു വിനോദ് ചോപ്രയുടെയും സിനിമ നിരൂപക അനുപമ ചോപ്രയുടെയും മകനാണ് അഗ്‌നി ചോപ്ര.

2024 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മിസോറാമിന്റെ താരമാണ് അഗ്‌നി ചോപ്ര. രഞ്ജി ട്രോഫി സിക്കിമിനെതിരായ മത്സരത്തിലായിരുന്നു അഗ്‌നി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

സിക്കിമിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഇന്നിങ്‌സില്‍ 179 പന്തില്‍ 166 റണ്‍സാണ് അഗ്‌നി നേടിയത്. 19 ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ചോപ്രയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. രണ്ടാം ഇന്നിങ്‌സിൽ  74 പന്തില്‍ 92 റണ്‍സ് നേടിയും താരം മികച്ച പ്രകടനം നടത്തി. എന്നാല്‍ മത്സരത്തില്‍ സിക്കിം നാലു വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.

നാഗാലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ ആയിരുന്നു താരത്തിന്റെ രണ്ടാം സെഞ്ച്വറി പിറന്നത്. 150 പന്തില്‍ 164 റണ്‍സാണ് ചോപ്ര നേടിയത്. 21 ഫോറുകളും മൂന്ന് സിക്സറുകളുമാണ് അഗ്‌നിയുടെ ബാറ്റില്‍ നിന്നും പിറന്നത്. എന്നാല്‍ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

അരുണാചല്‍ പ്രദേശിനെതിരായ മൂന്നാം മത്സരത്തിലും അഗ്‌നി ഇതേ ഫോം തുടര്‍ന്നു. 87 പന്തില്‍ 114 റണ്‍സാണ് അരുണാചല്‍ പ്രദേശിനെതിരെ അഗ്‌നി ചോപ്ര അടിച്ചെടുത്തത്. 18 ഫോറുകളും രണ്ട് സിക്‌സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ മത്സരത്തില്‍ മിസോറാം എട്ട് വിക്കറ്റുകള്‍ക്ക് വിജയിക്കുകയായിരുന്നു.

മേഘാലയക്കെതിരെയുള്ള നാലാം മത്സരത്തില്‍ നേടിയ സെഞ്ച്വറിക്ക് പിന്നാലെയാണ് അഗ്‌നി ചോപ്ര ചരിത്രത്താളുകളില്‍ ഇടം നേടിയത്. രണ്ട് ഇന്നിങ്‌സുകളിലും താരം സെഞ്ച്വറി നേടി. ആദ്യ ഇന്നിങ്‌സില്‍ 90 പന്തില്‍ 105 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 71 പന്തില്‍ 101 റണ്‍സ് നേടിയായിരുന്നു അഗ്‌നി ചോപ്രയുടെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ 191 റണ്‍സിന്റെ കൂറ്റന്‍ വിജയവും മിസോറാം സ്വന്തമാക്കി.

2024 രഞ്ജി ട്രോഫിയില്‍ നാല് മത്സരങ്ങളില്‍ നിന്നും 95.87 ശരാശരിയില്‍ 767 റണ്‍സാണ് അഗ്‌നിയുടെ അക്കൗണ്ടില്‍ ഉള്ളത്. 111.80 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

Content Highlight: Agni Chopra create a new history in first class cricket.