ന്യൂദല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പോസ്റ്ററുമായി കോണ്‍ഗ്രസ്. മണിപ്പൂര്‍ കത്തുമ്പോഴും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. സംസ്ഥാനത്ത് കലാപം രൂക്ഷമാകുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കണ്ടവരുണ്ടോയെന്ന് പോസ്റ്ററിലൂടെ കോണ്‍ഗ്രസ് ചോദിക്കുന്നു.
മണിപ്പൂരില്‍ ഒന്നര മാസമായി കലാപം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അക്രമത്തിന് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമുണ്ട്. പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂര്‍
സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷവും സംസ്ഥാനം നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്.
സമാധാനപുനസ്ഥാപനത്തിന് അമിത് ഷാ മണിപ്പൂരുകാരോട് ആവശ്യപ്പെട്ട പതിനഞ്ച് ദിവസം വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. മാത്രമല്ല വിഷയത്തില്‍ നരേന്ദ്രമോദി പ്രതികരണം പോലും നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്.
1,200 ഓളം വരുന്ന ആള്‍ക്കൂട്ടം കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങ്ങിന്റെ വീട് അഗ്‌നിക്കിരയാക്കിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മന്ത്രിയുടെ വീട് അക്രമികള്‍ പൂര്‍ണ്ണമായും അഗ്‌നിനിക്കിരയാക്കിയത്. വിദേശകാര്യ സഹമന്ത്രി ആര്‍.കെ. രഞ്ജന്‍ സിങ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഇംഫാലിലെ വീടിന് തീവെച്ചത്.
സംസ്ഥാനത്ത് ഇതുവരെ 253 പള്ളികള്‍ അഗ്‌നിക്കിരയായി എന്ന് ഗോത്രവര്‍ഗ കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ കലാപത്തില്‍ 100ലധികം ആളുകള്‍ മരിക്കുകയും 50,698 പേര്‍ പലായനം ചെയ്യുകയും ചെയ്തുവെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചിരുന്നു.
മെയ്തി വിഭാഗത്തിന്റെ പട്ടികവര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗോത്ര വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്.