Kerala News
സെക്രട്ടറിയേറ്റിന് പിന്നാലെ ആലപ്പുഴയിലും ശുചിമുറി അപകടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 22, 09:33 am
Friday, 22nd November 2024, 3:03 pm

ആലപ്പുഴ: സെക്രട്ടറിയേറ്റിന് പിന്നാലെ ആലപ്പുഴയിലും ശുചിമുറിയില്‍ അപകടം. ആലപ്പുഴ ബീച്ചിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് അപകടമുണ്ടായത്.

ശുചിമുറിയിലെ കോണ്‍ക്രീറ്റ് സീലിങ് ഇളകി വീഴുകയായിരുന്നു. ശുചിമുറിയിൽ ഉണ്ടായിരുന്ന ലീഗല്‍ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ആലപ്പുഴ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതിനിടെയാണ് അപകടം നടന്നത്. പരിശോധന പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.

ഇന്നലെയാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ജീവനക്കാരിയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി നിലവില്‍ ചികിത്സയിലാണ്. യുവതിയെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയതായാണ് വിവരം.

സെക്രട്ടറിയേറ്റിലെ അനക്സ് ഒന്നിലെ ശുചിമുറിയിലാണ് അപടകമുണ്ടായത്. തദ്ദേശഭരണ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

അപകടത്തില്‍ യുവതിയുടെ കാലിന് പരിക്കേറ്റിരുന്നു. നേരത്തെ സെക്രട്ടേറിയേറ്റിലെ സീലിങ്ങ് ഇളകി വീണ് മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. പിന്നാലെയാണ് ശുചിമുറിയില്‍ വെച്ച് ഉദ്യോഗസ്ഥയ്ക്ക് പരിക്കേല്‍ക്കുന്നത്.

Secretariat toilet accident

തുടര്‍ച്ചയായ അപകടത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ ഇന്ന് സംയുക്തമായി സമരം നടത്തി. ജീവനക്കാരുടെ ജീവന് എന്തുവില എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.

Content Highlight: After Secretariat, toilet accident in Alappuzha too