മാധവിക്കുട്ടിയെ കുറിച്ചും അവരുടെ മതമാറ്റത്തിന്റെ കാരണത്തെ കുറിച്ചും സംസാരിക്കുകയാണ് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍.
‘ഒരു വ്യക്തി എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും എനിക്ക് ഒരുപാട് ആരാധനയുള്ള എഴുത്തുകാരിയായിരുന്നു മാധവികുട്ടി. ഒരു ബിയോപിക് ചെയ്യണം എന്ന് ആഗ്രഹിച്ചപ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. മാധവിക്കുട്ടി ഓരോ പ്രേക്ഷകരുടെയും മനസില്‍ ഓരോന്നാണ്. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ഞാന്‍ മാധവിക്കുട്ടിയുടെ കുറെ പുസ്തകങ്ങള്‍ വായിച്ചു, മാധവി കുട്ടിയെ കുറിച്ച് മറ്റുള്ളവര്‍ എഴുതിയ പുസ്തങ്ങള്‍ വായിച്ചു. പ്രധാനമായും മാധവിക്കുട്ടിയുടെ ‘എന്റെ കഥ’. പല ആളുകളും വിചാരിച്ചിരുന്നത് ഇത് മാധവിക്കുട്ടിയുടെ ആത്മകഥ ആണെന്നാണ്. അവര്‍ തന്നെ ആദ്യ കാലത്ത് അത് അങ്ങനെ ആണെന്നും പിന്നീട് അല്ല എന്ന് അവര്‍ മാറ്റി പറഞ്ഞിട്ടുമുണ്ട്.
പിന്നീട് അവര്‍ മതം മാറിയിരുന്നു. എന്തുകൊണ്ടാണ് അവര്‍ മതം മാറിയതെന്ന് വളരെ വിവാദപരമായിട്ടുള്ള കാര്യമാണ്. അതിനെ സമീപിക്കുമ്പോള്‍ അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുണ്ട്. എന്റെ പെര്‍സ്‌പെക്ടീവിലാണ് ഞാന്‍ അതിനെയെല്ലാം നോക്കിക്കണ്ടത്.
ഒരു പ്രലോഭനത്തിന്റ്രെ പേരില്‍ മാത്രം മതം മാറുന്ന ആളല്ല മാധവിക്കുട്ടി. പ്രണയത്തിന്റെ പേരിലാണെന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. അവരുടെ മനസില്‍ പ്രണയം ഉണ്ടെങ്കിലും മതം മാറിയിട്ടൊന്നും പ്രണയിക്കേണ്ട ആവശ്യമില്ലായിരുന്നു. അവര്‍ക്ക് ഇതേ മതത്തില്‍ നിന്നുകൊണ്ടുതന്നെ പ്രണയിക്കാം. ആരും അവരെ തടയില്ല. അപ്പോള്‍ അതുമല്ല കാരണം.
പിന്നെ എന്തായിരിക്കും, ഒരു പക്ഷെ ഇസ്ലാം ഐഡിയോളജിയോട് തോന്നിയ ഒരു ഇഷ്ടമായിരിക്കാം, അതല്ലെങ്കില്‍ അവരുടെ ജീവിതത്തില്‍ അതുവരെ ഉണ്ടായതില്‍ നിന്ന് മാറിയിട്ടുള്ളൊരു ജീവിതശൈലിക്കായിരിക്കാം.
വ്യക്തിപരമായിട്ട് ഞാന്‍ മനസിലാക്കിയിട്ടുള്ളൊരു കാര്യം, അവര്‍ക്ക് വയസായപ്പോള്‍ അവരുടെ യൗവ്വനം ചോര്‍ന്ന് പോകുന്നു, അവരുടെ ചര്‍മം ചുളുങ്ങുന്നു എന്നതെല്ലാം പൊതുസമൂഹം കാണരുതെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അതിനുള്ളൊരു മറയായിരുന്നു ഇസ്ലാമിക് വേഷം എന്നുള്ളതുകൂടി കൊണ്ടായിരിക്കാം.
മാധവിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ടല്ലോ ‘എന്നെ സംബന്ധിച്ചിടത്തോളം വസ്ത്രം മാറുന്നതുപോലെയാണ് മതം’ എന്ന്. ഒരു വസ്ത്രം എടുത്ത് അണിഞ്ഞപോലയായിരിക്കും അവരും ആ മതമാറ്റത്തെ കണ്ടത്. അതുപോലെതന്നെയാണ് ഞാനും ആ സിനിമയില്‍ മതമാറ്റത്തെ കണ്ടത്. അതുകൊണ്ടുതന്നെ വലിയ വിവാദങ്ങള്‍ ഒന്നും ഇല്ലാതെ അതില്‍ നിന്ന് രക്ഷപ്പെട്ട് പോന്നു,’ കമല്‍ പറയുന്നു.
Content highlight: Director Kamal talks about reason of Madhavikuttiy’s conversion to Muslim