ഐ.പി.എല്‍ 2022ന് കൊടിയിറങ്ങിയതോടെ ക്രിക്കറ്റിന്റെ പുതിയ മാമാങ്കത്തിന് തുടക്കമായിരിക്കുകയാണ്. ഐ.പി.എല്ലിന്റെ അതേ ആവേശം തന്നെ കാണികള്‍ക്ക് നല്‍കുന്ന ടി.എന്‍.പി.എല്ലിനാണ് (തമിഴ്‌നാട് പ്രീമിയര്‍ ലീഗ്) തിരിതെളിഞ്ഞിരിക്കുന്നത്.
ഐ.പി.എല്ലിന് ശേഷം ഇന്ത്യയില്‍ ഇത്രത്തോളം ഫാന്‍സ് ഉള്ള ഫ്രാഞ്ചൈസി ലീഗ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ടി.എന്‍.പി.എല്ലിന് സമാനമായി കെ.പി.എല്‍ (കര്‍ണാടക പ്രീമിയര്‍ ലീഗ്) അടക്കമുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ പിറവിയെടുത്തെങ്കിലും ഒന്നും തന്നെ ടി.എന്‍.പില്ലിനോളം സക്‌സസായിരുന്നില്ല.
‘നമ്മ ഊര് നമ്മ ഗത്ത്’ എന്ന ടാഗ്‌ലൈനോടെ തമിഴ്‌നാട്ടില്‍ ക്രിക്കറ്റിന് വിപ്ലവകരമായ മാറ്റമാണ് ടി.എന്‍.പി.എല്‍ കൊണ്ടുവന്നത്. കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും ടി.എന്‍.പി.എല്‍ മുന്നില്‍ തന്നെയായിരുന്നു. ഗള്ളി ക്രിക്കറ്റിന്റെ അഡ്‌വാന്‍സ് വേര്‍ഷന്‍ എന്നും തമാശപൂര്‍വം ടി.എന്‍.പി.എല്ലിനെ പറയാം.
2016ല്‍ ടി.എന്‍.സി.എയുടെ (തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍) നേതൃത്വത്തിലാണ് ടി.എന്‍.പി.എല്‍ പിറവിയെടുക്കുന്നത്. ആദ്യ സീസണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തലയായിരുന്ന ധോണിയായിരുന്നു.
ഇതിന് പുറമെ ഇടയ്ക്കിടെ ടി.എന്‍.പി.എല്‍ വേദികളില്‍ ധോണിയെത്തുകയും താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യാറുമുണ്ടായിരുന്നു.
തുടര്‍ന്നുള്ള അഞ്ച് സീസണില്‍ മൂന്ന് ചാമ്പ്യന്‍മാരാണ് പിറവിയെടുത്തത്. ഉദ്ഘാടന സീസണില്‍ ടൂട്ടി പേട്രിയറ്റ്‌സ് (സേലം സ്പാര്‍ടന്‍സ്) ആണ് കപ്പുയര്‍ത്തിയത്.