വനിതാ ഏഷ്യാ കപ്പില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ക്യാമ്പെയ്‌ന് തുടക്കമിട്ടത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാനെ 108 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചു. ഗുല്‍ ഫെറോസ അഞ്ച് റണ്‍സിനും വിക്കറ്റ് കീപ്പര്‍ മുബീന അലി 11 റണ്‍സിനും പുറത്തായി. വണ്‍ ഡൗണായെത്തിയ സിദ്ര അമീന്‍, ആറാം നമ്പറിലിറങ്ങിയ തുബ ഹസന്‍, എട്ടാം നമ്പറിലിറങ്ങിയ ഫാത്തിമ സന എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
31 പന്തില്‍ 45 റണ്‍സ് നേടിയ മന്ഥാന മടങ്ങുമ്പോള്‍ വിജയത്തിന് 24 റണ്‍സ് മാത്രമകലെയായിരുന്നു ഇന്ത്യ. ടീം സ്‌കോര്‍ 100ല്‍ നില്‍ക്കവെ 29 പന്തില്‍ 40 റണ്‍സ് നേടിയ ഷെഫാലി വര്‍മയെയും 102ല്‍ നില്‍ക്കവെ 14 റണ്‍സ് നേടിയ ഡയലന്‍ ഹേമലതയെയും നഷ്ടമായെങ്കിലും ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.
An opening stand of 85 off just 57 balls 🇦💥
Smriti Mandhana and Shafali Verma were on fire as India began their Women’s Asia Cup T20 2024 with a win over Pakistan 💪#INDvPAK | Details 👇https://t.co/qdXfA16MET
ഈ വിജയത്തോടെ പാകിസ്ഥാനെതിരായ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യ. ഇതിന് മുമ്പ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീമും പുരുഷ ടീമും പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഫൈനലിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ തറപറ്റിച്ചത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അംബാട്ടി രായിഡുവിന്റെ അര്‍ധ സെഞ്ച്വറിയുടെയും യൂസുഫ് പത്താന്റെ വെടിക്കെട്ട് ഇന്നിങ്‌സുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഇതോടെ ആദ്യ റൗണ്ടില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന്റെ നാണക്കേട് മറക്കാനും ഇന്ത്യക്കായി.
ടി-20 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ പുരുഷ ടീമിന്റെ വിജയം. നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചുകയറിയത്.
വിജയമുറപ്പിച്ച ശേഷമായിരുന്നു പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ജസ്പ്രീത് ബുംറയെന്ന മജീഷ്യന് മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോള്‍ ബാബറും സംഘവും ആറ് റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
അതേസമയം, വനിതാ ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദാംബുള്ളയില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇയാണ് എതിരാളികള്‍.
Content highlight: After India Men’s team and Legends team defeated Pakistan, now Women’s team defeated them