ഹിന്ദുക്കളുടെ തിലകവും ക്രിസ്ത്യാനികളുടെ കുരിശും സിഖുകാരുടെ ടര്‍ബനും നിരോധിച്ചില്ല; ഹിജാബ് മാത്രം നിരോധിച്ചത് വിവേചനം, ഭരണഘടനാ വിരുദ്ധം: പ്രശാന്ത് ഭൂഷണ്‍
ന്യൂദല്‍ഹി: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കുക എന്നത് അടിസ്ഥാനപരമായ കടമയാണെന്നും അതിനെ എതിര്‍ക്കാന്‍ ആ ആര്‍ക്കും അവകാശമില്ലെന്നും സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ കഴിഞ്ഞ ദിവസം ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായതായിരുന്നു കപില്‍ സിബല്‍.
”സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കിടയില്‍, താന്‍ ഒരു പ്രത്യേക സംസ്‌കാരത്തില്‍ നിന്നാണ് വരുന്നതെന്ന് പറയാന്‍ എല്ലാവര്‍ക്കും അര്‍ഹതയില്ലേ? നിങ്ങള്‍ ആരാണ്, നിങ്ങള്‍ എവിടെയാണ് എന്നതിന്റെ പ്രകടനം കൂടിയാണ് ഹിജാബ് ധാരണം.
വസ്ത്രധാരണം സ്വത്വത്തിന്റെ പ്രകടനമാണ്, സ്വകാര്യതയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്വകാര്യത, അന്തസ്സ് തുടങ്ങിയ മൗലികമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ്. മറ്റുചില സംസ്ഥാനങ്ങള്‍ കൂടി ഇത് പിന്തുടരുന്നതിലൂടെ ഇത്തരത്തിലുള്ള ഒരു ഉത്തരവ് ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ പ്രത്യാഘാതം കാണണം,” കപില്‍ സിബല്‍ വാദിച്ചു.
ആര്‍ട്ടിക്കിള്‍ 29 പ്രകാരം ഹിജാബ് എന്നത് സംരക്ഷിക്കപ്പെടേണ്ട സാംസ്‌കാരിക അവകാശം കൂടിയാണെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.
വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മതപരമായ അടയാളങ്ങള്‍ നീക്കുന്നതാണ് യുക്തി എങ്കില്‍ എല്ലാ മതപരമായ അടയാളങ്ങളും പദപ്രയോഗങ്ങളും നിരോധിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും വ്യക്തമാക്കി.
”ഹിജാബ് മാത്രം നിരോധിച്ചതിനാല്‍ അത് വിവേചനമായി മാറുന്നുണ്ട്. സിഖുകാര്‍ക്ക് ടര്‍ബന്‍, ഹിന്ദുക്കള്‍ക്ക് തിലകം, ക്രിസ്ത്യാനികള്‍ക്ക് കുരിശ് തുടങ്ങിയ മറ്റ് മതപരമായ അടയാളങ്ങള്‍ നിരോധിച്ചിട്ടില്ല. മുസ്‌ലിം ഐഡന്റിറ്റിയായ ഹിജാബ് മാത്രമാണ് നിരോധിച്ചത്,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഹിജാബ് വിഷയത്തെ ന്യൂനപക്ഷത്തിന്റെ കണ്ണിലൂടെ കാണാനുള്ള കഴിവാണ് ഭരണഘടനാ ധാര്‍മികതയെന്ന് അഭിഭാഷകന്‍ കോണിന്‍ ഗോണ്‍സാല്‍വസും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹരജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസുകള്‍ ശരിയായ കാഴ്ചപ്പാടില്‍ കണ്ടില്ലെങ്കില്‍ പ്രശ്നമാണെന്നും ശിരോവസ്ത്രം അനിവാര്യമായ ആചാരമാണെന്ന് കേരള ഹൈക്കോടതിയുടെ വിധിയുണ്ടെന്നും രാജീവ് ധവാന്‍ വ്യക്തമാക്കി.
”ഇസ്‌ലാമെന്ന പേരിലുള്ള എന്തും തകര്‍ക്കാന്‍ തക്ക അമര്‍ഷം ഇന്ന് ഭൂരിപക്ഷ സമുദായത്തിനിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഹിജാബ് കേസ് ശരിയായ കാഴ്ചപ്പാടില്‍ കണ്ടില്ലെങ്കില്‍ പ്രശ്നമുണ്ട്. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നാം കാണുന്നതാണ്.
പൊതുഇടങ്ങളില്‍ ഉടനീളം ഹിജാബ് അനുവദനീയമാകുമ്പോള്‍ ക്ലാസ്മുറികളില്‍ പാടില്ലെന്നും അത് പൊതുക്രമത്തിന് എതിരാണെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ്.
സ്‌കൂളില്‍ ബുര്‍ഖ ധരിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് ന്യായമാണ്, കാരണം നിങ്ങള്‍ക്ക് മുഖം കാണേണ്ടതുണ്ട്. എന്നാല്‍ ശിരോവസ്ത്രത്തോട് എന്ത് ന്യായമായ എതിര്‍പ്പാണ് ഉണ്ടാവുക,” എന്നായിരുന്നു രാജീവ് ധവാന്‍ ചോദിച്ചത്.
ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും മുസ്‌ലിങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടിയാണതെന്നും രാജീവ് ധവാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹിജാബ് നിരോധനത്തിനെതിരായ ഹരജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ച വരെ തുടരും. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ 23 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്.