ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ജയറാമിന് പുറമെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും അതിഥിവേഷത്തിലെത്തിയിരുന്നു. ഓസ്ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖ നടനായിരുന്നു. താരത്തിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സാബിക്കിന്റെ ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അബ്രഹാം ഓസ്ലറിനെ കുറിച്ച് സംസാരിക്കുകയാണ് ആദം സാബിക്. മമ്മൂട്ടിയുടെ ചെറുപ്പം ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിലൂടെ ആളുകളെ കണ്‍വീന്‍സ് ചെയ്യിപ്പിക്കുക എന്നത് വലിയ കാര്യമാണെന്ന് താരം പറയുന്നു. അതിന് തനിക്ക് കഴിഞ്ഞില്ലെങ്കില്‍ തന്നെ കൊണ്ടുവന്നത് കൊണ്ടാണല്ലോ ആ കഥാപാത്രം ശരിയാവാതിരുന്നതെന്ന് ആളുകള്‍ കരുതുമെന്നും സാബിക് പറഞ്ഞു.
അതിന്റെ പേരില്‍ തന്നെ ഈ സിനിമയിലേക്ക് കൊണ്ടുവന്നവര്‍ പഴികേള്‍ക്കുമെന്നും അത് തന്നെ ഒരുപാട് വിഷമിപ്പിക്കുമെന്നും ആദം സാബിക് കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് അലക്‌സാണ്ടറിന്റെ ചെറുപ്പം എങ്ങനെയാകണം എന്ന ധാരണ ഉണ്ടായിരുന്നെന്നും എല്ലാം അദ്ദേഹം ആദ്യംതന്നെ മനസില്‍ കണ്ടിരുന്നെന്നും താരം പറഞ്ഞു.
‘മമ്മൂക്കയുടെ ചെറുപ്പം ചെയ്യുമ്പോള്‍ അത് ആളുകളെ കണ്‍വീന്‍സ് ചെയ്യിപ്പിക്കുക എന്നത് വലിയ കാര്യമാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍ ഇവനെ കൊണ്ടുവന്നത് കൊണ്ടാണല്ലോ ആ കഥാപാത്രം ശരിയാവാതിരുന്നത് എന്ന് എന്നെ ഈ സിനിമയിലേക്ക് കൊണ്ടുവന്നവര്‍ പഴികേള്‍ക്കും. അത് എന്നെ ഒരുപാട് വിഷമിപ്പിക്കും. അത് വലിയ ഉത്തരവാദിത്തമായിരുന്നു.
മിഥുന്‍ ചേട്ടന് അലക്‌സാണ്ടറിന്റെ ചെറുപ്പം എങ്ങനെയാകണം എന്ന ധാരണ ഉണ്ടായിരുന്നു. എങ്ങനെ നടക്കണം, അവന്‍ എങ്ങനെ സംസാരിക്കണം എന്ന് പോലും അദ്ദേഹം ആദ്യം തന്നെ മനസില്‍ കണ്ടിരുന്നു. മിഥുന്‍ ചേട്ടന്‍ കറക്റ്റായിട്ട് വഴി കാണിച്ചു തന്നു. ചെയ്യുന്നത് കൂടിയാല്‍ കുറച്ച് കുറക്കാന്‍ പറയും. കുറഞ്ഞാല്‍ കുറച്ച് കൂട്ടാനും പറയും.
പിന്നെ പ്രിന്‍സേട്ടനും രജീഷേട്ടനും ബേസിലേട്ടനുമൊക്കെ രാത്രി എന്നെ അവരുടെ റൂമിലേക്ക് വിളിക്കും. പിറ്റേന്ന് ഉള്ള സീനുകളെ കുറിച്ച് സംസാരിക്കും. ഇടക്ക് ചില തമാശകളും കാര്യങ്ങളും പറയും. ഇവരുടെ പ്രധാന ലക്ഷ്യം അടുത്ത ദിവസം ഞങ്ങള്‍ക്ക് ചെയ്യാനുള്ള സീന്‍ എത്രത്തോളം നന്നാക്കിയെടുക്കാന്‍ കഴിയുമോ അത്രത്തോളം നന്നാക്കിയെടുക്കുക എന്നതാണ്.
ഇവര് നമുക്ക് നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും ആകെ തിരിച്ചു കൊടുക്കാന്‍ പറ്റുന്നത് മറ്റുള്ളവരെ കൊണ്ട് ഇവരെ മോശം പറയിപ്പിക്കാതെയിരിക്കുക എന്നതായിരുന്നു. അവര്‍ ആഗ്രഹിക്കുന്ന പോലെ പെര്‍ഫോം ചെയ്യുക എന്നതായിരുന്നു നമുക്ക് ചെയ്യാനുള്ളത്. എന്തായാലും അതിന് സാധിച്ചു,’ ആദം സാബിക് പറഞ്ഞു.
സാബിക്കിനൊപ്പം നാല് പുതുമുഖ താരങ്ങള്‍ കൂടെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഷജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ് എന്നിവരായിരുന്നു അവര്‍.
ചിത്രത്തില്‍ ജയറാമിനും മമ്മൂട്ടിക്കും ഈ പുതുമുഖ താരങ്ങള്‍ക്കും പുറമെ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ് ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിക്കുന്നുണ്ട്.
Content Highlight: Adam Sabiq About His Role In Abraham Ozler