കോഴിക്കോട്: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ പ്രതിഷേധവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. നവോത്ഥാന ചരിത്രത്തിന്റെ പാരമ്പര്യമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവം ഉണ്ടായത് ലജ്ജിപ്പിക്കുന്നതാണെന്ന് പറഞ്ഞ കെ.സി. വേണുഗോപാല്‍ ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനം ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.സി. വേണുഗോപാലിന്റ പ്രതികരണം.
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍ കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍’ എന്ന കുമാരനാശാന്റെ ‘ദുരവസ്ഥ’യിലെ കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് കെ.സി. വേണുഗോപാല്‍ തന്റെ പോസ്റ്റ് ആരംഭിച്ചത്.
മാറുമറക്കലും പൊതുവഴിയിലെ സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവുമൊക്കെ ജാതീയതയുടെ നെഞ്ചില്‍ച്ചവിട്ടി നേടിയെടുത്ത അയ്യങ്കാളിയുടേയും ചട്ടമ്പിസ്വാമികളുടേയും ഗുരുവിന്റെയും പാരമ്പര്യമുള്ള നവോത്ഥാന ചരിത്രമാണ് കേരളത്തിന്റെതെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ എന്നാല്‍ ജാതിചിന്തകളുടെ കനലുകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ കിടപ്പുണ്ട് എന്നതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലേതെന്ന് തന്റെ കുറിപ്പില്‍ പറയുന്നു.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പൂര്‍ത്തിയായ ഘട്ടത്തിലും ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവര്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണെന്ന് പറഞ്ഞ അദ്ദേഹം ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കാണാന്‍ പ്രേരിപ്പിച്ച സാമൂഹ്യഘടനയാണ് നമുക്കുള്ളതെന്നും ഓര്‍മിപ്പിച്ചു.
‘ആചാരവാദത്തിന്റെ നടത്തിപ്പുകാരില്‍ പ്രധാനിയായ ഇണ്ടംതുരുത്തി നമ്പ്യാതിരി സാക്ഷാല്‍ ഗാന്ധിയെ പോലും മൗനത്തിലേക്ക് തള്ളിവിട്ടത് ജാതീയതയുടെ പ്രമാണവാദത്തിലൂടെയായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ ഈ കാലത്താണ് അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര സത്യാഗ്രഹങ്ങളുടെയും പന്തിഭോജനങ്ങളുടെയും നവോത്ഥാനപാതകള്‍ നാം തുറന്നത്.
ഗുരുവായൂര്‍ ക്ഷേത്രം സമസ്തഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തില്ലെങ്കില്‍ കേളപ്പനോടൊപ്പം താനും ഉപവാസത്തിനുണ്ടാകുമെന്ന ഗാന്ധിജിയുടെ മുന്നറിയിപ്പ് മുതല്‍, ടി.കെ. മാധവനും കെ.പി. കേശവമേനോനും മന്നത്ത് പത്മനാഭനും ഗോവിന്ദപ്പണിക്കറുമൊക്കെ ചേര്‍ന്ന് വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള നിരത്തുകള്‍ എല്ലാ മനുഷ്യര്‍ക്കുമായി തുറന്നുകിട്ടുന്നതിന് വേണ്ടി നടത്തിയ പോരാട്ടം വരെ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളില്‍ സൃഷ്ടിച്ച ചലനം നവോത്ഥാനത്തിന്റെ തുടക്കം കൂടിയായിരുന്നു.
ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനില്‍ക്കാന്‍ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുക,’ കെ.സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരില്‍ ഓഫീസ് ജോലികളിലേക്ക് മാറ്റിയെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. ബാലു കഴകം പ്രവര്‍ത്തിക്കായി നിയമിതനായത് മുതല്‍ ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇവരുടെയും വാര്യര്‍ സമാജത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റിയത്.
ദേവസ്വം ബോര്‍ഡിന്റെ ഈ തീരുമാനത്തേയും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു. ബാലുവിനെ അവന് അര്‍ഹമായ ജോലിയില്‍ നിന്ന് ഒരു ദിവസത്തേക്കെങ്കിലും മാറ്റിനിര്‍ത്തിയതിലൂടെ നവോത്ഥാന ആശയങ്ങളിലൂടെ ഉഴുതുമറിക്കപ്പെട്ടു എന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തെ ദേവസ്വം ബോര്‍ഡ് ഒറ്റുകൊടുത്തെന്ന് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
‘മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട തൊഴില്‍ ചെയ്യാനെത്തിയ മനുഷ്യനെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്താന്‍ നിങ്ങളെടുത്ത തീരുമാനം കേരളത്തിന് എത്ര ഭൂഷണമാണന്ന് ആത്മപരിശോധന നടത്തണം. ജാതിവിവേചനത്തിന്റേതല്ല, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാടായിരിക്കണം നമ്മുടെ കേരളമെന്ന് ആവര്‍ത്തിച്ച് ഉരുവിടേണ്ടതുണ്ട്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Content Highlight: Caste discrimination in Koodalmanikyam temple, K.C. Venugopal criticise Dewaswom Board