സിദ്ദിഖ്, ഫാസില്‍, ആഷിക് അബു, റാഫി- മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റായി സിനിമാജീവിതം ആരംഭിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. ചെറിയ റോളുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സൗബിന്‍ പ്രേമത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്സിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാന്‍ സൗബിന് സാധിച്ചു.
രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സൗബിന് സാധിച്ചു. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. രജിനികാന്തുമൊത്തുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സൗബിന്‍ ഷാഹിര്‍.
ബ്രേക്കിന്റെ സമയത്തൊന്നും കാരവനിലേക്ക് രജിനികാന്ത് പോകാറില്ലെന്ന് സൗബിന്‍ പറഞ്ഞു. ഭക്ഷണം കഴിക്കാനും കോസ്റ്റ്യൂം മാറ്റാനും മാത്രമേ അദ്ദേഹം കാരവനിലേക്ക് പോകാറുള്ളൂവെന്നും മറ്റ് സമയങ്ങളില്‍ സെറ്റില്‍ തന്നെ ഇരിക്കുന്നതാണ് രജിനിയുടെ ശീലമെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹമുള്ളതുകൊണ്ട് സെറ്റില്‍ എല്ലാവരും ശ്രദ്ധയോടെ മാത്രമേ പെരുമാറുള്ളൂവെന്നും സൗബിന്‍ പറഞ്ഞു.
ടേക്കിന് തൊട്ടുമുമ്പ് വരെ രജിനികാന്ത് എല്ലാവരോടും കളിച്ച് ചിരിച്ച് സംസാരിച്ച് ഇരിക്കുമെന്നും ടേക്കിന് സമയമാകുമ്പോള്‍ ഡയലോഗ് മനസില്‍ പറഞ്ഞുകൊണ്ട് സ്‌പോട്ടിലേക്ക് പോകുന്നതാണ് പതിവെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ പറയുമ്പോള്‍ അതുവരെ കണ്ടയാളല്ല രജിനിയെന്നും പൂര്‍ണമായും മറ്റൊരാളായി മാറിനില്‍ക്കുന്നത് കണ്ട് താന്‍ കിടുങ്ങിയിട്ടുണ്ടെന്നും സൗബിന്‍ പറഞ്ഞു. മൂവീ മാന്‍ ബ്രോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു സൗബിന്‍ ഷാഹിര്‍.
കൂലിയുടെ സെറ്റ് വളരെ നല്ലൊരു അനുഭവമായിരുന്നു. അത്രയും വലിയ സ്റ്റാറുകളുടെ കൂടെ അഭിനയിക്കാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ വലിയൊരു കാര്യമാണ്. രജിനി സാറിന്റെ കൂടെയൊക്കെ അഭിനയിച്ചത് വലിയൊരു ഭാഗ്യമാണ്. വല്ലാത്തൊരു വ്യക്തിത്വമാണ് രജിനി സാറിന്റേത്. പുള്ളി എപ്പോഴും സെറ്റിലുണ്ടാകും. കാരവനില്‍ അങ്ങനെ അധികം ഇരിക്കാറില്ല. ഭക്ഷണം കഴിക്കാനും കോസ്റ്റ്യൂം മാറ്റാനും മാത്രമേ കാരവനില്‍ പോകാറുള്ളൂ.
അല്ലാത്ത സമയം മുഴുവന്‍ സെറ്റില്‍ ഒരു കസേരയും ഇട്ട് ഇരിക്കും. സാര്‍ ഉള്ളതുകൊണ്ട് സെറ്റില്‍ എല്ലാവരും എപ്പോഴും അലര്‍ട്ടായി ഇരിക്കും. ടേക്കിന് മുമ്പ് വരെ എല്ലാവരോടും ചിരിച്ച് കളിച്ച് ഇരിക്കുന്ന ആളാണ് രജിനി സാര്‍. ടേക്കിന് സമയമാകുമ്പോള്‍ ഡയലോഗ് മനസില്‍ പറഞ്ഞുകൊണ്ട് നടക്കും. മുഖത്ത് അപ്പോഴും ചിരിയുണ്ടാകും. ആക്ഷന്‍ പറയുമ്പോള്‍ ടോട്ടലി വേറൊരാളായി മാറും. അതുവരെ കണ്ട ആളല്ല പിന്നെ. ഞാനൊക്കെ അത് കണ്ടിട്ട് കിടുങ്ങിപ്പോയിട്ടുണ്ട്,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.
Content Highlight: Soubin Shahir about Rajnikanth’s performance in Coolie movie