ക്രിക്കറ്റ് ഇതിഹാസമായ ജാക് കാലിസിനെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്ത മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ വാദത്തെ തള്ളി ആദം ഗില്‍ക്രീസ്റ്റ്. ബാറ്റിങിലും ബൗളിങ്ങിലും ഫീല്‍ഡിലും ഒരുപോലെ തിളങ്ങായ കാല്ലിസാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നായിരുന്നു പോണ്ടിങിന്റെ അഭിപ്രായം.
സോഷ്യല്‍ മീഡിയയിലും പൊതുരംഗത്തും സജീവമല്ലാത്തതിനാല്‍ കാലിസിനെ പലരും വിസ്മരിച്ചുവെന്നും പോണ്ടിങ് പറഞ്ഞിരുന്നു.
റിക്കി പോണ്ടിങ്
എന്നാല്‍ കാലിസിനേക്കാള്‍ മികച്ച താരം ഓസ്‌ട്രേലിയയില്‍ തന്നെയുണ്ടെന്നും കേവലം കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം മികച്ച കളിക്കാരനെ തെരഞ്ഞെടുക്കരുത് എന്നുമാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്.
ആദം ഗില്‍ക്രിസ്റ്റ്
മികച്ച താരമാര് എന്നതില്‍ തന്റെ അഭിപ്രായവും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. മുത്തയ്യ മുരളീധരന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1,000 വിക്കറ്റ് നേടിയ ഇതിഹാസ താരം ഷെയ്ന്‍ വോണിനെയാണ് ഗില്ലി ഗോട്ടായി തെരഞ്ഞെടുത്തത്. ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍.
‘ഷെയ്ന്‍ വോണാണ് എക്കാലത്തെയും മികച്ച താരമെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. വിക്കറ്റുകള്‍ക്ക് പുറമെ വാര്‍ണി (ഷെയ്ന്‍ വോണ്‍) അതിഗംഭീരനായ ഒരു ബാറ്റര്‍ കൂടിയാണ്. നേടാന്‍ സാധിക്കുമായിരുന്ന ഒരുപാട് റണ്‍സ് അദ്ദേഹം വിട്ടുകളഞ്ഞിരുന്നു. സ്വന്തം ബാറ്റിങ് മികവ് എത്രത്തോളമുണ്ടെന്ന് അദ്ദേഹത്തിന് പോലും അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഷെയ്ന്‍ വോണ്‍
‘പ്യുവര്‍ ബാറ്റിങ്, ബൗളിങ് ടാലന്റിലേക്കും ക്രിക്കറ്റ് ബ്രെയ്‌നുമെല്ലാം പരിഗണിക്കുമ്പോള്‍ വാര്‍ണിയാണ് നമ്പര്‍ വണ്‍ എന്നാണ് എനിക്ക് തോന്നുന്നത്,’ ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ പ്രധാനിയായിരുന്നു വോണ്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ 708 വിക്കറ്റ് നേടിയ താരം ഏകദിനത്തില്‍ 293 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തെ, ഹൗവി ഗെയിംസ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് പോണ്ടിങ് കാലിസാണ് ഏറ്റവും മികച്ച താരമെന്ന് അഭിപ്രായപ്പെട്ടത്.
ജാക് കാലിസ്
‘ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ജാക് കാലിസാണ്. മറ്റുള്ളവര്‍ എന്ത് പറയുന്നോ, അതേക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല.
13,000 റണ്‍സ്, 44ഓ 45ഓ ടെസ്റ്റ് സെഞ്ച്വറികള്‍, 300 വിക്കറ്റുകള്‍ ഇതെല്ലാം നേടിയ മറ്റൊരു താരമുണ്ടോ? മുന്നൂറിനടുത്ത് ടെസ്റ്റ് വിക്കറ്റുകളും 45 ടെസ്റ്റ് സെഞ്ച്വറികളും നേടിയ താരങ്ങള്‍ ഉണ്ടാകും എന്നാല്‍ ഇത് രണ്ടും നേടിയ ഒരേയൊരു താരമെയുള്ളൂ, അത് കാല്ലിസാണ്.
ക്രിക്കറ്ററാകാന്‍ വേണ്ടി മാത്രം ജനിച്ച താരമാണ് കാലിസ്. ഇതിനെല്ലാം പുറമെ സ്ലിപ്പില്‍ അസാധാരണ ഫില്‍ഡിങ് കൊണ്ടും കാലിസ് മികവ് കാട്ടി. ഒരുപക്ഷെ സ്ലിപ്പ് ഫീല്‍ഡറെന്ന നിലയില്‍ കാലിസിന്റെ മികവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
ഒതുങ്ങിക്കൂടുന്ന കാലിസിന്റെ വ്യക്തിത്വം കൊണ്ട് മാധ്യമങ്ങള്‍ അദ്ദേഹത്തെ ആഘോഷിച്ചില്ല. അതുകൊണ്ട് തന്നെ കാലിസിന്റെ പ്രകടനങ്ങളെ വിസ്മൃതിയിലാഴ്ത്താന്‍ എളുപ്പമാണ്,’ എന്നായിരുന്നു അന്ന് പോണ്ടിങ് പറഞ്ഞിരുന്നത്.
Content Highlight: Adam Gilchrist disagrees with Ricky Ponting’s opinion that Jack Kallis is the best cricketer in history