Entertainment news
ട്വിറ്ററിലെ വെരിഫിക്കേഷന്‍ മാര്‍ക്ക് നഷ്ടപ്പെട്ടു; എനിക്കും ജയം രവിക്കും അമിത ഉത്സാഹമായിപ്പോയി: തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 20, 06:47 am
Thursday, 20th April 2023, 12:17 pm

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ 2ന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ്. തങ്ങളുടെ സിനിമ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാന്‍ താരങ്ങളെല്ലാം പ്രൊമോഷനില്‍ പങ്കെടുക്കുന്നുണ്ട്.

അടുത്തിടെ തൃഷയും ജയം രവിയും പ്രമോഷന്റെ ഭാഗമായി ട്വിറ്റര്‍ അക്കൗണ്ടിലെ പേരുമാറ്റി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തൃഷ കൃഷ്ണനും ജയം രവിയും തങ്ങളുടെ പേരുകള്‍ യഥാക്രമം പൊന്നിയിന്‍ സെല്‍വന്‍ കഥാപാത്രങ്ങളായ കുന്ദവൈ, അരുണ്‍മൊഴി വര്‍മന്‍ എന്നിങ്ങനെ ആയിരുന്നു പേരുകള്‍ മാറ്റിയത്.

എന്നാല്‍ പേര് മാറ്റിയതും ഇരുവരുടെയും ട്വിറ്ററിലെ വെരിഫിക്കേഷന്‍ മാര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. പിന്നീട്, ബ്ലൂ ടിക്ക് തിരികെ ലഭിക്കാന്‍, തൃഷ തന്റെ പേര് പഴയതുപോലെ മാറ്റിയെങ്കിലും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആദ്യ ഭാഗത്തിന്റെ റിലീസിലും ട്വിറ്ററില്‍ അഭിനേതാക്കള്‍ അവരുടെ പേരുകള്‍ മാറ്റിയിരുന്നു.

ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് തൃഷ ഇക്കാര്യം പറഞ്ഞിരുന്നു.

”ഞങ്ങള്‍ എല്ലാവരും പേരുകള്‍ മാറ്റേണ്ടതായിരുന്നു. രവിയും ഞാനും അമിത ഉത്സാഹമുള്ളതുകൊണ്ട് ആദ്യം അത് ചെയ്തു. ഞങ്ങളുടെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു.

ഇതിന് പിന്നിലെ കാരണം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ ഞങ്ങളുടെ ടീം ബ്ലൂ ടിക് തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. പേരുകള്‍ മാറ്റിയതിനെ സംശയാസ്പദമായ പ്രവര്‍ത്തനം എന്നാണ് പറയുന്നത്,” തൃഷ പറഞ്ഞു.

പൊന്നിയിന്‍ സെല്‍വന്‍ 2ന്റെ റിലീസിന് മുന്നോടിയായി താരങ്ങള്‍ കൊച്ചിയില്‍ എത്തിയിരിക്കുകയാണ്. നടന്മാരായ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, റഹ്മാന്‍, ഐശ്വര്യലക്ഷ്മി, ജയറാം, ബാബു ആന്റണി തുടങ്ങിവര്‍ വൈകിട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ആരാധകരെ കാണാന്‍ എത്തും. അതിന് മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ മണിരത്നവും താരങ്ങളും പങ്കെടുക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ചോള സാമ്രാജ്യത്തിന്റെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍ പറയുന്നത്. ജയം രവി, തൃഷ എന്നിവര്‍ക്ക് പുറമെ വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ശരത്കുമാര്‍, ഐശ്വര്യ ലക്ഷ്മി, ജയറാം, വിക്രം പ്രഭു, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 2022 സെപ്റ്റംബര്‍ 30നാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്.

content highlight: actress thrisha about twitter verification mark