Entertainment
ആരെയായാലും വേണ്ടില്ല, ഒന്ന് കല്യാണം കഴിക്കാമോയെന്നാണ് അച്ഛനും അമ്മയും നിരന്തരം ചോദിക്കുന്നത്; തപ്‌സി പന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 09, 07:19 am
Friday, 9th July 2021, 12:49 pm

വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി തപ്‌സി പന്നു. ഹസീന്‍ ദില്‍റുബ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അഭിമുഖത്തിലാണ് വിവാഹം കഴിക്കാനുള്ള സമ്മര്‍ദത്തെ കുറിച്ച് തപ്‌സി സംസാരിച്ചത്.

താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്ന പേടിയിലാണ് മാതാപിതാക്കളെന്നും അതുകൊണ്ട് എത്രയും വേഗം ആരെയെങ്കിലും കല്യാണം കഴിക്കാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും തപ്‌സി പറഞ്ഞു. അതേസമയം തനിക്ക് കാഷ്വല്‍ റിലേഷന്‍ഷിപ്പുകളില്‍ താല്‍പര്യമില്ലെന്നും തപ്‌സി പറഞ്ഞു.

‘ആരെയായാലും വേണ്ടില്ല, ദയവ് ചെയ്തു ഒരു കല്യാണം കഴിക്കാമോ എന്നാണ് അച്ഛനും അമ്മയും ചോദിച്ചുകൊണ്ടേയിരിക്കുന്നത്. ഞാന്‍ ജീവിതാവസാനം വരെ കല്യാണമേ കഴിക്കാതെ പോകും എന്ന പേടിയാണ് അവര്‍ക്ക്.

എന്റെ മാതാപിതാക്കള്‍ക്ക് സമ്മതമല്ലാത്ത ഒരാളെ ഞാന്‍ വിവാഹം കഴിക്കില്ല. ഡേറ്റ് ചെയ്ത എല്ലാവരോടും ഞാന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടുണ്ട്. വിവാഹം കഴിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് വേണ്ടി എന്റെ സമയം ചെലവഴിക്കേണ്ടതുള്ളൂ എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതാറുള്ളത്,’ തപ്‌സി പറഞ്ഞു.

സിനിമയില്‍ നിന്നുള്ളവരെ ഡേറ്റ് ചെയ്യാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്ന് മറ്റൊരു അഭിമുഖത്തില്‍ തപ്‌സി പറഞ്ഞിരുന്നു. പ്രൊഫഷണല്‍ ജീവിതവും വ്യക്തി ജീവിതവും വേര്‍തിരിച്ചു തന്നെ നിര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും തപ്‌സി പറഞ്ഞിരുന്നു.

‘എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഞാന്‍ ചില ടാര്‍ഗറ്റ് വെച്ചിട്ടുണ്ട്. അവയിലേക്ക് ഞാന്‍ എത്തുന്നതേയുള്ളൂ. അത് നേടിക്കഴിഞ്ഞാല്‍ ഒരുപക്ഷെ ഞാന്‍ വര്‍ക്ക് കുറക്കുമായിരിക്കും. വര്‍ഷത്തില്‍ അഞ്ചോ ആറോ സിനിമകള്‍ക്ക് പകരം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്‌തേക്കാം. അതിനുശേഷം മാത്രമേ എനിക്ക് വ്യക്തി ജീവിതത്തിന് വേണ്ടി സമയം നല്‍കാന്‍ സാധിക്കൂ,’ തപ്‌സി പറഞ്ഞു.

തപ്‌സിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനും ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുമായും കാത്തിരിക്കുന്നത്. ലൂപ്പ് ലപേട്ട, ശബാഷ് മിഥു, രശ്മി റോക്കറ്റ് എന്നിവയാണ് ഇക്കൂട്ടത്തിലെ ചില ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Tapsee Pannu about marriage pressure