Entertainment
എന്നെ അവര്‍ ആദ്യം പരിഗണിച്ചില്ല, വേറെ ആരെയും കിട്ടാതായപ്പോഴാണ് എനിക്ക് അവസരം ലഭിച്ചത്: പുതിയ ചിത്രത്തെ കുറിച്ച് തപ്‌സി പന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 14, 10:19 am
Monday, 14th June 2021, 3:49 pm

ഥപ്പടിന് ശേഷമെത്തുന്ന തപ്‌സി പന്നുവിന്റെ പുതിയ ചിത്രം ഹസീന്‍ ദില്‍റുബയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ബോളിവുഡില്‍ നിന്നു മാത്രമല്ല, രാജ്യം മുഴുവനുമുള്ള സിനിമാപ്രേമികളെല്ലാം ചിത്രം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോള്‍ ചിത്രത്തിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് തപ്‌സി പന്നു. സിനിമയിലെ കഥാപാത്രമാകാന്‍ തന്നെയല്ല അണിയറ പ്രവര്‍ത്തകര്‍ ആദ്യം പരിഗണിച്ചിരുന്നതെന്ന് തപ്‌സി പറയുന്നു. നവ്ഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തപ്‌സി.

‘കനിക ദിലോണ്‍ ഹസീന്‍ ദില്‍റുബയുടെ കോണ്‍സപ്റ്റ് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. പക്ഷെ, നിര്‍ഭാഗ്യമെന്ന് പറയട്ടെ, എന്നെയായിരുന്നില്ല സിനിമയ്ക്കു വേണ്ടി അവര്‍ ആദ്യം പരിഗണിച്ചിരുന്നത്. പിന്നെ അവര്‍ കുറെ പേരെ അന്വേഷിച്ചിട്ടും ശരിയാകാതെ വന്നപ്പോള്‍, വേറെ വഴിയില്ലാത്തതു കൊണ്ടാണ് എനിക്ക് അവസരം കിട്ടിയത്,’ തപ്‌സി പറഞ്ഞു.

താന്‍ സാധാരണ ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഹസീന്‍ ദില്‍റുബയിലെ കഥാപാത്രമെന്നും തപ്‌സി മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞു.

‘വളരെ മനോഹരമായി എഴുതിയിരിക്കുന്ന ത്രില്ലറാണെന്നത് മാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത. ഏറെ മികച്ച കഥാപാത്രങ്ങളുള്ള ചിത്രമാണ് ഹസീന്‍ ദില്‍റുബ. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കുന്ന കാര്യമാണിത്.

പിന്നെ ഈ ചിത്രത്തില്‍ എന്റെ ലുക്കില്‍ കുറിച്ച് പരീക്ഷണം നടത്താന്‍ സാധിച്ചിട്ടുണ്ട്. അതിലും ചെറുതല്ലാത്ത സന്തോഷമുണ്ട്. സാധാരണഗതിയില്‍ ഇത്തരം കഥാപാത്രങ്ങള്‍ക്ക് പറ്റിയ ഒരാളല്ല ഞാന്‍, പക്ഷെ ചില റിസ്‌ക് എടുക്കാന്‍ എനിക്ക് ഇഷ്ടമാണ്,’ തപ്‌സി എ.എന്‍.ഐയോട് പറഞ്ഞു.

വിനില്‍ മാത്യു സംവിധാനം ചെയ്യുന്ന ഹസീന്‍ ദില്‍റുബയില്‍ തപ്‌സിയെ കൂടാതെ വിക്രാന്ത് മസ്സേയും ഹര്‍ഷവര്‍ധന്‍ റാണെയുമാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. കനിക ദിലോണാണ് ചിത്രത്തിന് കഥയൊരുക്കിയിരുന്നത്. ജൂലൈ രണ്ടിനാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലെത്തുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Tapsee Pannu about her new movie Haseen Dilruba