Entertainment news
ഞാന്‍ സീരിയസായി നില്‍ക്കുമ്പോള്‍ മമ്മൂക്കക്ക് കുട്ടിക്കളിയാണ്, അദ്ദേഹം നല്ല ഫണ്ണിയാണ്: ശ്വേത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 04, 04:13 pm
Friday, 4th November 2022, 9:43 pm

1991ല്‍ അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു താരം.

പാലേരിമാണിക്യത്തിലും ശ്വേത മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ശ്വേത മേനോന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.

”മമ്മൂട്ടിയുടെ കൂടെ എന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കുട്ടിയാണ്. ആ സമയത്ത് മമ്മൂക്ക വലിയ സ്റ്റാര്‍ ആണെന്ന് ചിന്ത എനിക്ക് ഇല്ലായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോളും അദ്ദേഹം ചോക്‌ളേറ്റ് തരാറുണ്ടായിരുന്നു. അതിന് വേണ്ടി ഞാന്‍ കാത്തിരിക്കും.

അന്ന് എനിക്ക് ഭയങ്കര കുട്ടികളി ആയിരുന്നു. എന്നാല്‍ പാലേരി മാണിക്യത്തില്‍ എത്തിയപ്പോള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ വളര്‍ന്ന് പ്രൊഫഷണലായിരുന്നു. ആ സമയത്ത് ഞാന്‍ സീരിയസ് ആയി നില്‍ക്കുമ്പോള്‍ മമ്മൂക്ക കുട്ടിക്കളിയാണ്. മമ്മൂക്ക സീരിയസായി നിന്ന സമയത്ത് ഞാനായിരുന്നു കുട്ടിക്കളി കളിച്ചതെങ്കില്‍ പിന്നീട് അദ്ദേഹമായിരുന്നു.

ആ സിനിമയില്‍ അദ്ദേഹത്തെ എന്റെ കഥാപാത്രം തുപ്പുന്ന സീനുണ്ട്. അത് എടുക്കുമ്പോള്‍ തുപ്പല്‍ ഒന്നും വന്നിട്ടില്ല. തുപ്പുന്ന സൗണ്ട് മാത്രമായിരുന്നു ഉള്ളു. ആരെങ്കിലും മമ്മൂക്കയെ നോക്കി കാര്‍ക്കിച്ചു തുപ്പുമോ.

ഞാന്‍ അത് പറഞ്ഞപ്പോള്‍ അതൊന്നും നോക്കാതെ എന്റെ കഥാപാത്രത്തില്‍ നിന്ന് ചെയ്യാന്‍ പറഞ്ഞു. ചെയ്യാന്‍ നോക്കും പക്ഷേ എനിക്ക് പറ്റില്ലായിരുന്നു. അദ്ദേഹം നല്ല ഫണ്ണിയാണ്,” ശ്വേതാമേനോന്‍ പറഞ്ഞു.

അതേസമയം, അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന പള്ളിമണി ആണ് ശ്വേത മേനോന്റെ റിലീസിനൊരുങ്ങിയ ചിത്രം. സൈക്കോ ഹൊറര്‍ ത്രില്ലര്‍ മോഡില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ നിത്യ ദാസ്, കൈലാഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

content highlight: actress swetha menon shares the acting experience with mammootty