Entertainment
ഒരു പ്രണയബന്ധത്തില്‍ അമ്മയെ പോലെ നിന്ന് മറ്റെയാളെ നന്നാക്കിയെടുക്കാന്‍ എന്നെ കിട്ടില്ല; എന്‍റെ കാഴ്ചപ്പാട് മറ്റൊന്നാണ്: സംയുക്ത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 24, 02:49 am
Monday, 24th October 2022, 8:19 am

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ നടിയാണ് സംയുക്ത മേനോന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സംയുക്ത സജീവ സാന്നിധ്യമായി മാറി.

സിനിമകളോടൊപ്പം തന്നെ സംയുക്തയുടെ അഭിമുഖങ്ങളും അവയിലൂടെ നടി പങ്കുവെക്കുന്ന കാഴ്ചപ്പാടുകളും ശ്രദ്ധ നേടിയിട്ടുണ്ട്. പ്രണയത്തെ കുറിച്ചും ബന്ധങ്ങളിലെ തുല്യ പങ്കാളിത്തത്തെ കുറിച്ചും സംയുക്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബന്ധത്തില്‍ തുല്യമായ പങ്കാളിത്തമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പാര്‍ട്ണറായി വരുന്നയാളെ നന്നാക്കുക എന്നത് ഒരു ബന്ധത്തിന്റെ ലക്ഷ്യമായി കാണാനാവില്ലെന്നും സംയുക്ത പറയുന്നു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ ജീവിതത്തിലെ രണ്ട് റിലേഷന്‍ഷിപ്പുകളെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പ്രണയത്തെ കുറിച്ചുള്ള ഇത്തരമൊരു കാഴ്ചപ്പാടിലേക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് സംയുക്ത വ്യക്തമാക്കിയത്. വളരെ ടോക്‌സിക്കായിരുന്ന രണ്ടാമത്തെ റിലേഷന്‍ഷിപ്പിന് ശേഷമാണ് ഒരു ബന്ധത്തില്‍ നിന്നും എന്താണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കൃത്യമായി മനസിലായതെന്നും അവര്‍ പറഞ്ഞു.

‘രണ്ടാമത്തെ റിലേഷന്‍ഷിപ്പ് വളരെ ടോക്സിക്കായിരുന്നു. ഞാന്‍ മറ്റേയാളെ കുറ്റം പറയുകയല്ല. കാരണം ഒരു റിലേഷന്‍ഷിപ്പ് വര്‍ക്ക് ആകണമെങ്കില്‍ രണ്ട് പേര്‍ തമ്മില്‍ മാച്ചാകണം. അതാകുന്നില്ലെന്ന് വെച്ച് അതിലുള്ള ഒരാള്‍ മോശക്കാരനാകുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അന്ന് റിലേഷനിലുണ്ടായിരുന്ന വ്യക്തിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇവിടെ തെറ്റും ശരിയുമില്ല. ചില കാര്യങ്ങള്‍ ചിലര്‍ക്ക് വര്‍ക്കാകില്ല അത്രയേ ഉള്ളു.

എനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ബോധ്യമായത് ആ റിലേഷനിലൂടെയാണ്. ഒരു റിലേഷന്‍ഷിപ്പ് കൊണ്ട് എന്തായിരിക്കണമെന്ന് എനിക്ക് മനസിലായതും അവിടെ നിന്ന് തന്നെയാണ്. എന്റെ വിലയും മൂല്യവും മനസിലായി.

ഒരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അമ്മയെ പോലെ തെറ്റുകള്‍ തിരുത്തി നന്നാക്കിയെടുക്കാനൊന്നും ഞാന്‍ അവെയ്‌ലബിളാകില്ല. ഒരു ഈക്വല്‍ പാര്‍ട്ണര്‍ഷിപ്പിന് മാത്രമേ എന്നെ കിട്ടുകയുള്ളു,’ സംയുക്ത മേനോന്‍ പറഞ്ഞു.

Content Highlight: Actress Samyukta Menon shares her thoughts on a love relationship