സിനിമയൊന്നും കിട്ടാതെ ജീവിതത്തില്‍ തകര്‍ന്നിരുന്ന സമയത്ത് മമ്മൂട്ടി തനിക്കയച്ച മെസേജിനെ കുറിച്ച് പറയുകയാണ് നടി നിരഞ്ജന അനൂപ്. തനിക്ക് ആ സമയത്ത് സിനിമയൊന്നും കിട്ടിയിരുന്നില്ലെന്നും ജീവിതത്തില്‍ ആകപ്പാടെ തകര്‍ന്നിരിക്കുകയായിരുന്നു എന്നും നിരഞ്ജന പറഞ്ഞു. ഈ കാര്യങ്ങള്‍ മമ്മൂട്ടിയോട് താന്‍ പറഞ്ഞെന്നും സ്ട്രഗിളൊരു ത്രില്ലാണെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും താരം പറഞ്ഞു.
താന്‍ ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുകയാണെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ വലിയ പ്രചോദനമാണെന്നും അതുകൊണ്ടാണാണ് സോഷ്യല്‍ മീഡിയയില്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതെന്നും നിരഞ്ജന പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എല്ലാ മനുഷ്യര്‍ക്കും പുള്ളി നല്‍കികൊണ്ടിരിക്കുന്ന ഒരു പ്രകാശമുണ്ട്. ഞാന്‍ ആകപ്പാടെ ജീവിതത്തില്‍ തകര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. സിനിമയൊന്നും അന്നെനിക്ക് കിട്ടിയിരുന്നില്ല. ഈ കാര്യം ഞാന്‍ മമ്മൂക്കയോട് പറഞ്ഞപ്പോഴാണ് അദ്ദേഹം എനിക്ക് ഇങ്ങനെയൊരു മെസേജ് അയക്കുന്നത്. സ്ട്രഗിള്‍ ചെയ്യുന്നത് ഒരു ത്രില്ലാണെന്നും, ഞാന്‍ ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുകയാണെന്നുമാണ് അദ്ദേഹം ആ മെസേജിലൂടെ എന്നോട് പറഞ്ഞത്.
ഞാന്‍ ഇപ്പോഴും സ്ട്രഗിള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എന്നോട് പറയുന്നത് നമ്മുടെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാണ്. അന്ന് എനിക്ക് കിട്ടിയ എന്‍കറേജ്‌മെന്റ് ചില്ലറയായിരുന്നില്ല. ഒരു പിറന്നാള്‍ വരുമ്പോള്‍ നമ്മള്‍ എന്തായാലും പോസ്റ്റിടുമല്ലോ. അതും മമ്മൂക്ക പറഞ്ഞ ഒരു മോട്ടിവേഷണല്‍ കാര്യമാകുമ്പോള്‍ എന്നെ പോലെയുള്ള ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമല്ലോ. അങ്ങനെ കരുതിയാണ് ഞാന്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് പോസ്റ്റ് ചെയ്തത്.
എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം തന്നെ എനിക്ക് സൂപ്പര്‍ സ്റ്റാര്‍സിന്റെ കൂടെ അസോസിയേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. ഒരു തുടക്കക്കാരി എന്ന നിലയില്‍ അതൊരു വലിയ കാര്യം തന്നെയാണ്. ഞാന്‍ ചെയ്തതൊക്കെ ചെറിയ ചെറിയ കഥാപാത്രങ്ങളായിരുന്നു. പക്ഷെ അതെല്ലാം വലിയ വലിയ സിനിമകളായിരുന്നു. അവരില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചിരുന്നു. സെറ്റില്‍ എങ്ങനെയാണ് അവര്‍ പെരുമാറുന്നത് എന്നൊക്കെ അറിയാന്‍ കഴിഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യം തന്നെയായിരുന്നു,’ നിരഞ്ജന പറഞ്ഞു.
അതേസമയം രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍ പണം എന്ന സിനിമയിലാണ് നിരഞ്ജന മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. താരത്തിന്റെ ആദ്യ സിനിമ മോഹന്‍ലാല്‍ നായകനായ ലോഹമായിരുന്നു.
content highlight: actress niranjana anoop about mammootty’s motivational message