അഭിനയ മോഹത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോഴുണ്ടായ മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് നടി നിരഞ്ജന അനൂപ്. താന്‍ സിനിമയെ സീരിയസായെടുക്കുമോ എന്ന സംശയം അവര്‍ക്കുണ്ടായിരുന്നു എന്നും കാരണം താന്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അന്നെന്നും നിരഞ്ജന പറഞ്ഞു.
അതുകൊണ്ട് തന്നെ പഠിത്തം പൂര്‍ത്തിയാക്കിയിട്ട് സിനിമയിലേക്ക് പോയാല്‍ മതിയെന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നും പിന്നീട് സിനിമയില്‍ വന്ന ആദ്യ സമയത്തൊക്കെ പലകാര്യങ്ങളിലും അവര്‍ ഇടപെടാറുണ്ടെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിരഞ്ജന പറഞ്ഞു.
‘ഒരു പത്താം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്താണ് എനിക്ക് അഭിനയിക്കണമെന്ന് ഞാന്‍ പറയുന്നത്. ആ സമയത്ത് അത്യാവശ്യം കുഴപ്പമില്ലാതെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളുമായിരുന്നു ഞാന്‍. അപ്പോള്‍ അച്ഛനും അമ്മക്കും ടെന്‍ഷനായി. ഞാന്‍ എങ്ങാനും പഠിത്തത്തില്‍ നിന്നും മാറി അഭിനയത്തില്‍ ഫോക്കസ് ചെയ്യുമോ എന്നൊക്കെയാണ് അവര്‍ ചിന്തിച്ചത്.
ഞാന്‍ അഭിനയിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല അവര്‍ എതിര്‍ത്തത്. അങ്ങനെയൊരു പേടി നിലനില്‍ക്കുന്നത് കൊണ്ട് കുറച്ച് നാള്‍ കഴിയട്ടെ എന്നിട്ട് ആലോചിക്കാമെന്ന് പറഞ്ഞു. പക്ഷെ എനിക്ക് ഇപ്പോള്‍ അഭിനയിക്കണമെന്ന് പറഞ്ഞ് പൊറുതി മുട്ടിയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് അച്ഛനും അമ്മയും വഴിമുടക്കികളാണെന്ന് ഞാന്‍ അന്ന് പറഞ്ഞത്.
എന്റെ സിനിമാ ജീവിതത്തില്‍ അന്നൊക്കെ അവര്‍ ഇടപെടുകയും ചെയ്യുമായിരുന്നു. സ്വാഭാവികമായിട്ടും അന്നൊക്കെ കഥ കേള്‍ക്കുമ്പോള്‍, വിവരക്കേടുകൊണ്ട് ഞാന്‍ ചെയ്യുന്ന പാളിച്ചകളിലുമൊക്കെ ഇടപെടാനും അവര്‍ വരാറുണ്ടായിരുന്നു. തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇപ്പോള്‍ അത്തരം കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ല. പക്ഷെ എന്തെങ്കിലും സംശയമൊക്കെയുണ്ടെങ്കില്‍ ഞാനങ്ങോട്ട് പോയി ചോദിക്കും.
അച്ഛനാണ് സിനിമകള്‍ കൂടുതല്‍ കാണുന്നത്. അമ്മക്ക് പണ്ട് മുതലെ സിനിമയോട് വലിയ താത്പര്യമൊന്നുമില്ല. കുത്തിയിരുന്ന് കാണാനുള്ള പേഷ്യന്‍സും അമ്മക്കില്ല. അമ്മയുടെ വീഡിയോസൊക്കെ കണ്ട് പലരും ക്യൂട്ടാണെന്നൊക്കെ പറയാറുണ്ട്. ക്യൂട്ട് മമ്മിയെന്നാണ് ഞാന്‍ ഇപ്പോള്‍ വിളിക്കുന്നത്,’ നിരഞ്ജന പറഞ്ഞു.
content highlight: actress niranjana anoop about her parents