വളരെ മോശമായി ടീച്ചര്‍ പെരുമാറി; നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ അടുത്തിരുത്തിയില്ല: ഗ്രേസ് ആന്റണി
Entertainment news
വളരെ മോശമായി ടീച്ചര്‍ പെരുമാറി; നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ അടുത്തിരുത്തിയില്ല: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th January 2023, 8:55 pm

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് താന്‍ ധാരാളം അവഗണനകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ഗ്രേസ് ആന്റണി. നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ സ്‌കൂളില്‍ കുട്ടികള്‍ അടുത്തിരുത്താറില്ലെന്നും ഗ്രേസ് പറഞ്ഞു.

ഭരതനാട്യം പഠിക്കുമ്പോള്‍ താന്‍ നൃത്തം ചെയ്ത സ്ഥലത്തെ ടൈല്‍ പൊട്ടും എന്ന് പറഞ്ഞ് ടീച്ചര്‍ ഏറ്റവും പുറകില്‍ നിര്‍ത്തിയെന്നും നടി പറഞ്ഞു. അന്ന് ടീച്ചര്‍ തന്നോട് വളരെ മോശം രീതിയിലാണ് പെരുമാറിയതെന്നും ഗ്രേസ് പറഞ്ഞു. ധന്യവര്‍മയുമൊത്തുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ എന്നെ കുട്ടികള്‍ ബെഞ്ചില്‍ പോലും ഇരുത്തില്ലായിരുന്നു. നാടകം പ്രാക്ടീസ് ചെയ്ത് വരുമ്പോഴേക്കും ഏകദേശം ഒരു പിരിയഡ് ഒക്കെ കഴിഞ്ഞിട്ടുണ്ടാകും. തിരിച്ച് ക്ലാസില്‍ വരുമ്പോള്‍ നാലുപേരെയാണ് ബെഞ്ചില്‍ കാണുക. സ്ഥലമില്ലെന്ന് പറഞ്ഞ് അടുത്ത് ഇരുത്തില്ല.

അത്തരത്തില്‍ പല അവഗണനകളും ചെറുപ്പത്തില്‍ ഞാന്‍ ഫേസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ച സ്‌കൂള്‍ എനിക്ക് ഇഷ്ടമല്ല. ഞാന്‍ എപ്പോഴും വിചാരിക്കുന്നത് കലാകാരന് ഈ പറഞ്ഞ അവഗണനകള്‍ ഫേസ് ചെയ്യേണ്ടി വരും എന്നാണ്.

അത് എനിക്ക് മാത്രമല്ല ഒട്ടുമിക്ക ആളുകള്‍ക്കും ഫേസ് ചെയ്യേണ്ടി വരും. അല്ലെങ്കില്‍ ഫിനാന്‍ഷ്യലി സഹായിക്കുന്ന ഒരു ഗോഡ്ഫാദറോ ഫാദര്‍ഫിഗറോ ഉണ്ടായിരിക്കണം. എനിക്ക് അങ്ങനെ ആരും ഇല്ലായിരുന്നു.

ചുറ്റുമുള്ളവരെ ഹാപ്പിയാക്കണമെന്ന ചിന്ത അന്നും ഇന്നും എനിക്ക് ഇല്ല. എന്റെ പാരന്റ്‌സ് ഹാപ്പിയാണ്. എനിക്ക് അത് മതിയായിരുന്നു. ഭരതനാട്യം ക്ലാസില്‍ വെച്ച് ഞാന്‍ കളിക്കുന്ന ഇടത്തെ ടൈല്‍ പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞിട്ട് എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയും ടീച്ചര്‍ എന്നെ മാറ്റി നിര്‍ത്തുകയും ചെയ്തു.

അന്ന് വളരെ മോശമായിട്ടാണ് ടീച്ചര്‍ എന്നോട് പെരുമാറിയത്. ആ ഭരതനാട്യം ക്ലാസ് വിട്ട് വേറെ ഒരു ഭരതനാട്യം ക്ലാസില്‍ ഞാന്‍ പോയി ചേര്‍ന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തൊട്ട് ഇതൊക്കെ ഞാന്‍ ഫേസ് ചെയ്യുന്നുണ്ട്. അപ്പോഴും എന്തൊക്കെയോ മുന്നോട്ടേക്ക് എന്നെ പിടിച്ച് നിര്‍ത്തുന്നുണ്ടായിരുന്നു,” ഗ്രേസ് ആന്റണി പറഞ്ഞു.

content highlight: actress grace antony about her school experience